വാഷിങ്ടൺ: 2017ൽ യു.എസിൽ രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ട് ഏഴായിരത്തിലേറെ ഇന്ത്യക്കാർ അപേക്ഷ നൽകിയതായി െഎക്യ രാഷ്ട്ര സഭ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. 2017ൽ ഏറ്റവും കൂടുതൽ അഭയാർഥി അപേക്ഷകൾ ലഭിച്ച രാജ്യം അമേരിക്കയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏജൻസിയുടെ വാർഷിക ഗ്ലോബൽ ട്രെൻറ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്താകമാനം 6.85 ലക്ഷം ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് അഭയാർഥികളായി പോയിട്ടുള്ളത്. അക്രമവും വേട്ടയാടലുമാണ് ഇത്തരത്തിൽ മറ്റു സ്ഥലങ്ങൾ തേടി പോകാൻ കാരണമായി പറയുന്നത്.
അതേ സമയം, യു.എസിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ 52 ഇന്ത്യക്കാർ അറസ്റ്റിലായി. യു.എസ് സംസ്ഥാനമായ ഒറിഗോണിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവർ. അമേരിക്കയിൽ അഭയം തേടാനായി എത്തിയ സിഖ്, ക്രിസ്ത്യൻ വിഭാഗക്കാരാണ് ഇതിൽ ഭൂരിഭാഗവും.
ഇന്ത്യയിൽ തങ്ങൾ മതപരമായി വേട്ടയാടപ്പെടുകയാണെന്നും മതപരമായ സ്വാതന്ത്ര്യത്തിനായി യു.എസിൽ അഭയം തേടാനായാണ് എത്തിയതെന്നുമാണ് ഇവർ പറയുന്നത്. ഇടുങ്ങിയ മുറിയിൽ തടവിൽ കിടക്കുകയാണിവർ. യു.എസിൽ അനധികൃത കുടിയേറ്റത്തിന് തടവിലാക്കപ്പെട്ടവരിൽ ഏറെയും ഇന്ത്യക്കാരാണ്.
123 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന് യു.എസിലെ ഷെരിദാനിൽ തടവിൽ കഴിയുന്നത്. അഭയാർഥികളായാണ് ഇവരെല്ലാം യു.എസിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.