ഷെറിന്‍റെ മൃതദേഹം മെഡിക്കല്‍ എക്സാമിനര്‍ വിട്ടുകൊടുത്തു 

റിച്ചാര്‍ഡ്‌സണ്‍ (ടെക്സസ്): ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്ന് കാണാതായി രണ്ടാഴ്ചകള്‍ക്ക് ശേഷം കണ്ടെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം മെഡിക്കല്‍ എക്‌സാമിനര്‍ വിട്ടു കൊടുത്തു. ആര്‍ക്കാണ് മൃതദേഹം കൊടുത്തതെന്ന് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം, കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചനയുണ്ട്. മരണ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ റിച്ചാര്‍ഡ്സണിലെ വെസ്ലി-സിനി ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്‍റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ (37) റിച്ചാര്‍ഡ്സണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍കൊടുക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

അതിഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചു മുതല്‍ 99 വര്‍ഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

വെസ്ലിയുടെ ഭാര്യ സിനി പൊലീസുമായി തുടക്കത്തില്‍ സഹകരിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, പൊലീസുമായി സഹകരിച്ചു എന്നാണ് സിനിയുടെ അറ്റോര്‍ണി മിച്ച് നോള്‍ട്ട് പറയുന്നത്. കുഞ്ഞിനെ കാണാതായതിലോ മരണപ്പെട്ടതിലോ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സിനി പറഞ്ഞതായി അറ്റോര്‍ണി പറയുന്നു. അതേസമയം, കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് റിച്ചാര്‍ഡ്സണ്‍ പൊലീസ് വ്യക്തമാക്കി.

ഷെറിന്‍റെ മൃതദേഹം വെസ്ലി കുടുംബത്തിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു പെറ്റീഷന്‍ change.orgല്‍ ഒപ്പുശേഖരണം നടത്തുന്നുണ്ട്. പ്രദേശവാസിയായ ഉമര്‍ സിദ്ദിഖിയാണ് പെറ്റീഷന് തുടക്കമിട്ടത്. മൃതദേഹം ഇന്റര്‍ഫെയ്ത്ത് പ്രാർഥനകളോടെ സംസ്കാരം നടത്താമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കുട്ടിയുടെ യഥാര്‍ഥ പേര് സരസ്വതിയെന്നായിരുന്നതു കൊണ്ട് ഹിന്ദു ആചാര പ്രകാരം സംസ്ക്കാരം നടത്തണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

ഷെറിന്‍റെ ശവസംസ്ക്കാരം രഹസ്യമായി നടത്താനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയാണെങ്കില്‍ തന്നെ പ്രദേശവാസികള്‍ ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനയും വിജിലും സംഘടിപ്പിക്കുമെന്ന് ഉമര്‍ സിദ്ദിഖ്വി പറഞ്ഞു. സംസ്ക്കാരച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ അനുവദിക്കാനും പ്രാര്‍ഥിക്കാനും അനുമതിക്കായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുവാദം ലഭിച്ചില്ലെങ്കില്‍ മാത്രം കുട്ടിയെ കാണാതായെന്നു വെസ്ലി ആദ്യം പറഞ്ഞ മരത്തിനു സമീപത്തോ മൃതദേഹം കണ്ടെത്തിയ ഓവു ചാലിനു സമീപമോ ആയിരിക്കും വിജില്‍ നടത്തുക. മൃതദേഹത്തെച്ചൊല്ലി ഒരു തര്‍ക്കത്തിന് ഞങ്ങളില്ലെന്നും സിദ്ദിഖ്വി പറഞ്ഞു.

ഇതിനിടെ ഷെറിന്‍റെ യഥാര്‍ഥ മാതാപിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകാന്‍ നിയമ തടസമില്ലെന്ന് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് വെളിപ്പെടുത്തി. എന്നാല്‍, അങ്ങനെ ആരും മുന്നോട്ടു വന്നിട്ടില്ലെന്ന് ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

ഷെറിന്‍ വീട്ടിനകത്തുവെച്ചു തന്നെ മരണപ്പെട്ടുവെന്ന് വെളിപ്പെടുത്തിയ വെസ്ലിയെ വീണ്ടും അറസ്റ്റു ചെയ്ത് ഡാളസ് കൗണ്ടി ജയിലില്‍ അടച്ചിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതു കൊണ്ട് പ്രത്യേക സെല്ലില്‍ 24 മണിക്കൂറും ജാഗ്രതയിലാണ് ജയിലധികൃതര്‍.

ഷെറിന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഈ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. അതോടൊപ്പം കുട്ടിയെ ദത്തെടുത്ത നളന്ദയിലെ അനാഥ മന്ദിരവും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    
News Summary - Sherin Mathews Dead Body hand over Medical Examiner -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.