സിറിയന്‍ സേനക്കുനേരെ യു.എസ് വ്യോമാക്രമണം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്


ഡമസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ സേനക്കുനേരെ ആദ്യമായി യു.എസ് വ്യോമാക്രമണം. ഐ.എസിന് സ്വാധീനമുള്ള കിഴക്കന്‍ മേഖലയിലെ വ്യോമാക്രമണ പരമ്പരയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ദൈര്‍ സൂര്‍ പ്രവിശ്യയിലെ അയ്യാശ് നഗരത്തിനടുത്ത സഈഖാ സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമെന്ന് ബ്രിട്ടനില്‍നിന്നുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ അറിയിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.
യു.എസിന്‍െറ നടപടി കൈയേറ്റമാണെന്ന് ബശ്ശാര്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. നാലു യുദ്ധബോംബറുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക യു.എന്‍ പ്രമാണത്തിലെ ലക്ഷ്യങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും സിറിയ ആരോപിച്ചു. ആരോപണം യു.എസ് നിഷേധിച്ചു. അതേസമയം, ഞായറാഴ്ച ദൈര്‍ സൂറില്‍ നാല് വ്യോമാക്രമണം നടത്തിയതായി ഇ-മെയില്‍ വഴി യു.എസ് വെളിപ്പെടുത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നും സര്‍ക്കാര്‍
സൈന്യം അവിടെയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്നും യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവര്‍ഷം മുമ്പാണ് സിറിയയില്‍ യു.എസ് സഖ്യസേന വ്യോമാക്രമണം തുടങ്ങിയത്. ആക്രമണത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെടുന്നത്.
മേഖലയില്‍ മറ്റൊരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് സഖ്യസേന പതിവായി കിഴക്കന്‍ പ്രവിശ്യയില്‍ ഐ.എസിനെതിരെ ആക്രമണം നടത്താറുണ്ട്. സിറിയന്‍ സൈന്യവും മേഖലയില്‍ സജീവമാണ്.
സിറിയയില്‍ ബ്രിട്ടന്‍, റഷ്യ, യുഎസ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ട്. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.