തീവ്രവാദക്കുറ്റം ചുമത്തിയ 50 പേരുടെ വധശിക്ഷ സൗദി നടപ്പാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദക്കുറ്റം ചുമത്തി പിടികൂടിയ 50 ലേറെപ്പേരുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അല്‍ഖാഇദ, ഐ.എസ് ബന്ധം ചുമത്തിയാണ് കൂടുതല്‍പേരെയും തടവിലിട്ടത്. ഇവരില്‍ മൂന്നുപേരെ 18 വയസ്സ് തികയുംമുമ്പാണ് അറസ്റ്റ് ചെയ്തത്. സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധമുള്ള ഒകാസ് ദിനപത്രമാണ്  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വധശിക്ഷ നടപ്പാക്കാനുള്ള സൗദിയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ അല്‍ അവാമിയ മേഖലയില്‍ നിന്നുള്ള ശിയാ മുസ്ലിം വിഭാഗത്തില്‍പെട്ടയാളുകളാണ്. സൗദി സര്‍ക്കാറിന്‍െറ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ വര്‍ഷങ്ങളായി പോരാട്ടം തുടരുകയാണ് ശിയാവിഭാഗം. 2012ല്‍ സൗദി സേന ഏറ്റുമുട്ടലിലൂടെ കീഴടക്കിയ ശിയാ പുരോഹിതന്‍ ഷെയ്ഖ് നിംറുല്‍ നിംറും വധശിക്ഷക്ക് വിധിച്ചവരുടെ കൂട്ടത്തിലുണ്ട്.
ഈ വര്‍ഷാദ്യം സൗദിയില്‍ 151 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നാല്‍ തീവ്രവാദക്കുറ്റം ചുമത്തി ഇത്രയുംപേരുടെ ശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണ്. കഴിഞ്ഞവര്‍ഷം 90 പേരുടെ വധശിക്ഷ നടപ്പാക്കിയതില്‍ ഒരാളുടെ പേരിലും തീവ്രവാദക്കുറ്റം ചുമത്തിയിരുന്നില്ല. നിയമവിരുദ്ധമായാണ്  മക്കളെ സൗദി സര്‍ക്കാര്‍ തടവിലാക്കിയതെന്നാരോപിച്ച് ശിക്ഷിക്കപ്പെട്ട അഞ്ചുപേരുടെ മാതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മക്കള്‍ ആരെയും കൊല്ലുകയോ മുറിവേല്‍പിക്കുകയോ ചെയ്തിട്ടില്ളെന്ന് അവര്‍ ആവര്‍ത്തിച്ചു. കടുത്ത പീഡനത്തെ തുടര്‍ന്നാണ് അവര്‍ ചെയ്യാത്ത കുറ്റം ഏറ്റുപറഞ്ഞത്. അവരെ ഒരിക്കല്‍പോലും വിചാരണ ചെയ്തിട്ടില്ല. തികച്ചും പക്ഷപാതപരമായാണ് ശിക്ഷ നടപ്പാക്കുന്നതെന്നും അവര്‍ ആരോപിച്ചു.
‘‘സമര്‍ഥനായിരുന്നു അലി. നന്നായി ഫുട്ബാള്‍ കളിക്കുന്ന അവന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. അവന് രാഷ്ട്രീയമുണ്ടായിരുന്നില്ല. തന്‍െറ അവകാശത്തെക്കുറിച്ച് ചോദ്യംചെയ്യുക മാത്രമാണ് അവന്‍ ചെയ്തത്.’- തടവില്‍ കഴിയുന്ന അലിയ്യുല്‍ നിംറിന്‍െറ മുതിര്‍ന്ന സഹോദരന്‍ ബാഖിറുല്‍ നിംറ് പറയുന്നു.
അറസ്റ്റ് ചെയ്ത് ആറുമാസത്തിനുശേഷം ജയിലില്‍ചെന്ന് കണ്ടപ്പോള്‍ അവന്‍െറ മൂക്ക് പൊട്ടിയിരിക്കുന്നത് കണ്ടു. പൊലീസുകാരുടെ ഇടിയേറ്റാണ് ഇങ്ങനെയായതെന്ന് പറഞ്ഞു. കാണുമ്പോള്‍  മുഖം നിറയെ ചതഞ്ഞിരിക്കുന്നതിനാല്‍ മകനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ളെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി നിഷേധിച്ചിരുന്നു. തടവറയിലെ പീഡനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.