സിറിയ: ഐ.എസ് നഗരം വിമതസേനയുടെ നിയന്ത്രണത്തില്‍

ഡമസ്കസ്: ഐ.എസ് സേനയെ തുരത്തി സിറിയന്‍ വിമത സേന തന്ത്രപ്രധാന നഗരം പിടിച്ചെടുത്തു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ അലപ്പോയിലെ അല്‍റാഇ നഗരമാണ് വിമതര്‍ പിടിച്ചെടുത്തത്. ഐ.എസിന്‍െറ പ്രഖ്യാപിത തലസ്ഥാനമായ റഖ തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍ സുപ്രധാന നേട്ടമാണിത്. വിമതരുടെ നീക്കം തുര്‍ക്കിക്കും ആശ്വാസമാവും. കുര്‍ദിശ് പോരാളികളുടെ മുന്നേറ്റത്തിന് ഇതോടെ ശമനം വരുമെന്നാണ് തുര്‍ക്കി കണക്കുകൂട്ടുന്നത്.

അതിനിടെ, ദക്ഷിണ അലപ്പോയില്‍ ഞായറാഴ്ച  സര്‍ക്കാര്‍ അനുകൂലികളും അല്‍ഖാഇദയും തമ്മില്‍ നടന്ന രൂക്ഷമായ പോരാട്ടത്തില്‍ സിവിലിയന്മാരടക്കം 35 പേര്‍ കൊല്ലപ്പെട്ടു. യു.എസും റഷ്യയും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ബാധകമല്ല.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ അധീനതയിലായ മേഖലകള്‍ തിരിച്ചുപിടിക്കാന്‍ വിമത സംഘങ്ങളായ അല്‍നുസ്റയും, അഹ്റാര്‍ അല്‍ശാമും സഖ്യവും നടത്തുന്ന സായുധാക്രമണങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.