സിഡ്നി: സഹപ്രവർത്തകൻ നടത്തിയ ബാല ലൈംഗിക പീഡനത്തെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചു വെച്ചുവെന്ന കേസിൽ ആസ്ട്രേലിയൻ കത്തോലിക്ക ആർച്ച് ബിഷപ് ഫിലിപ് വിൽസൺ(67) കുറ്റക്കാരനാണെന്ന് കോടതി. 1970കളിൽ നടന്ന സംഭവത്തിൽ ന്യൂ കാസിൽ പ്രാദേശിക കോടതി ഇയാളെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചു. അഡലെയ്ഡ് ചർച്ചിലെ ആർച്ച് ബിഷപ്പാണ് ഫിലിപ് വിൽസൺ.
1970ൽ മെയിറ്റ്ലാൻറിലെ ചർച്ചിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഫിലിപ് വിൽസെൻറ സഹപ്രവർത്തകനായിരുന്ന വികാരി ജെയിംസ് ഫ്ലെച്ചർ ചർച്ചിലെ സഹായികളായിരുന്ന ഒമ്പത് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഇരകളായ രണ്ട് കുട്ടികൾ ഫിലിപ് വിൽസണിനെ അറിയിച്ചിരുന്നുവെങ്കിലും ഇദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ല. സംഭവം നടന്ന് അഞ്ചു വർഷത്തിനു ശേഷം 1976ലാണ് ഇരകളിൽ ഒരാൾ ഫിലിപ് വൽസണിനോട് പീഡനത്തെക്കുറിച്ച് പറഞ്ഞത്. മറ്റൊരാൾ കുമ്പസാരക്കൂട്ടിൽ െവച്ചാണ് ബിഷപ്പിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ, താൻ കളവ് പറയുകയാണെന്ന് പറഞ്ഞ് ശിക്ഷയായി പത്തു തവണ പ്രാർഥന ചൊല്ലാൻ തന്നോട് ആവശ്യപ്പെട്ടതായി ഇയാൾ കോടതിയെ അറിയിച്ചു.
ജെയിംസ് ഫ്ലെച്ചർ കുറ്റക്കാരനാണെന്ന് കോടതി 2004ൽ കണ്ടെത്തിയിരുന്നു. 2006ൽ ജയിലിൽ വെച്ച് ഫ്ലെച്ചർ മരിക്കുകയും െചയ്തു. പീഡന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന വാദത്തിൽ ആർച്ച് ബിഷപ് ഉറച്ചു നിന്നുവെങ്കിലും അദ്ദേഹത്തിെൻറ വാദം കോടതി തള്ളുകയായിരുന്നു. അൾഷിമേഴ്സ് രോഗ ബാധിതനാണെന്ന് കണ്ടെത്തിയതോടെ നാലു തവണ കേസ് തള്ളാനായി വിൽസണിെൻറ അഭിഭാഷകൻ ശ്രമിച്ചെങ്കിലും കോടതി തയ്യാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.