ധാക്ക: പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മുഅ്മിൻ. എന്നാൽ, ഇന്ത്യയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം അയൽരാജ്യങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്തരീക്ഷം തണുക്കുമെന്നും പ്രശ്നത്തിൽ നിന്ന് പുറത്തുകടക്കാൻ രാജ്യത്തിന് കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇത് തങ്ങളുടെ ആഭ്യന്തര പ്രശ്നമാണെന്ന് ഇന്ത്യ തങ്ങളോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നിയമപരവും മറ്റുമായ കാരണങ്ങളാലാണ് അവരത് ചെയ്യുന്നത്. പ്രശ്നം ബംഗ്ലാദേശിനെ ഒരുനിലക്കും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ട്.
അതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. എന്നാൽ, ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന നിലയിൽ ഇന്ത്യയിൽ അനിശ്ചിതത്വമുണ്ടായാൽ അത് തങ്ങളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുണ്ടെങ്കിൽ അവരുടെ പട്ടിക നൽകണമെന്ന് നേരത്തേ മുഅ്മിൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യ സന്ദർശനവും അദ്ദേഹം റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.