കാബൂള്‍: മുന്‍ പ്രധാനമന്ത്രിയും സോവിയറ്റ് അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ നായകനുമായ ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറുമായി അഫ്ഗാനിസ്താന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി സമാധാനക്കരാറില്‍ ഒപ്പുവെച്ചു. വിഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് കരാര്‍ ഒപ്പുവെച്ചത്. സംഭവം ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. 2001ല്‍ താലിബാനെതിരായ നടപടി തുടങ്ങിയശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ വിരുദ്ധ സംഘടനയുമായി അഫ്ഗാന്‍ സര്‍ക്കാര്‍ സമാധാന കരാറുണ്ടാക്കുന്നത്. നിയമനടപടികളില്‍നിന്നുള്ള സംരക്ഷണവും, പൂര്‍ണ രാഷ്ട്രീയാവകാശവും 25 ഇന സമാധാനക്കരാര്‍ ഹിക്മത്യാറിനും അനുയായികള്‍ക്കും ഉറപ്പുനല്‍കുന്നു.
കൂടുതല്‍ വിമതസംഘങ്ങളെ പോരാട്ടത്തിന്‍െറ വഴി കൈയൊഴിയാന്‍ കരാര്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. താലിബാനും ഇതര സായുധസംഘങ്ങള്‍ക്കും തീരുമാനമെടുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ചടങ്ങിന് ശേഷം അശ്റഫ് ഗനി പറഞ്ഞു. സമാധാന കരാര്‍ ഒപ്പുവെച്ചതോടെ, ഹിക്മത്യാര്‍ക്കെതിരെ യു.എസും ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നും ഗനി വ്യക്തമാക്കി. ഉപരോധം പിന്‍വലിക്കുന്നതോടെ 20 വര്‍ഷമായി പാകിസ്താനില്‍ കഴിയുന്ന ഹിക്മത്യാര്‍ അഫ്ഗാനിസ്താനില്‍ മടങ്ങിയത്തെും.
എല്ലാ കക്ഷികളും സമാധാനപ്രക്രിയയുടെ ഭാഗമാവണമെന്ന് ഹിക്മത്യാര്‍ സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്ത് വിദേശ ഇടപെടല്‍ അവസാനിച്ചിരിക്കുന്നു. വിദേശസൈന്യം അഫ്ഗാനിസ്താനില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങിയതോടെ സമാധാനം കൈവരിച്ചിരിക്കുന്നതായും ഹിക്മത്യാര്‍ പറഞ്ഞു.
കരാറിലൂടെ താലിബാനെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ളെങ്കിലും വിദേശ ഇടപെടല്‍ കൂടാതെ ഒരു സായുധസംഘവുമായി സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ സര്‍ക്കാറിനായത് വലിയ നേട്ടമാണെന്ന് ജര്‍മന്‍ രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.