പ്യോങ്യാങ്: അമേരിക്കയെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണു മിസൈൽ പരീക്ഷണം നടന്നതെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്യോങ്യാങിൽ നിന്ന് വിക്ഷേപിച്ച പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയയുടെ കിഴക്കൻ മേഖലയിൽ 500 കിലോമീറ്റർ മാറി കടലിൽ പതിച്ചതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഭൂഖണ്ഡാന്തര മിസൈലല്ല ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
പസഫിക്കിലെ അമേരിക്കൻ സൈനികതാവളത്തിൽ ആണവായുധം വർഷിക്കാൻ ശേഷിയുള്ളതെന്നു കരുതുന്ന ദീർഘദൂര ശേഷിയുള്ള ‘ഹ്വാസാങ്-12’ ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ തിങ്കളാഴ്ച വിക്ഷേപിച്ചിരുന്നു. 2,111.5 കിലോമീറ്റർ ഉയരത്തിൽ പറന്ന് 700 കിലോമീറ്റർ അകലെ ജപ്പാൻ കടലിൽ പതിച്ച മിസൈലിന് പസഫിക് ദ്വീപായ ഗുവാമിലെ അമേരിക്കൻ താവളം ലക്ഷ്യമിടാനാകുമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ആണവായുധശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെയായി ഉത്തര കൊറിയ രണ്ടു ആണവായുധ പരീക്ഷണങ്ങൾ നടത്തിയിരുന്നു. പ്രകോപനം അവസാനിപ്പിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ദക്ഷിണ കൊറിയ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഉത്തര കൊറിയ വഴങ്ങിയിട്ടില്ല.
ഉത്തരകൊറിയയിൽ സൈനിക നടപടികളുമായി മുന്നോട്ട് പോയാൽ അത് വൻ നാശത്തിന് കാരണമാവുമെന്ന് യു.എസ് സൈനിക മേധാവി ജെയിംസ് മാറ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയിലെ പല ഉദ്യോഗസ്ഥർക്കും ഉത്തരകൊറിയയിൽ ആക്രമണം നടത്തണമെന്ന ആഗ്രഹമാണ് ഉള്ളത്. എന്നാൽ കൊറിയക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ജെയിംസ് മാറ്റിസ് ആവശ്യപ്പെടുന്നത്. ഉത്തരകൊറിയയെ ആക്രമിക്കാൻ മുതിർന്നാൽ അതിെൻറ പ്രത്യാഘാതം ചിന്തിക്കുന്നതിനപ്പുറമായിരിക്കുമെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. യു.എൻ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി യോജിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.