ധാക്ക: മ്യാന്മർ ഭരണകൂടത്തിെൻറ ക്രൂരമായ അടിച്ചമർത്തലിൽനിന്ന് രക്ഷതേടി 15 ദിവസത്തിനിടെ മൂന്നു ലക്ഷം റോഹിങ്ക്യൻ മുസ്ലിംകളാണ് ബംഗ്ലാദേശിൽ അഭയം തേടിയതെന്ന് യു.എൻ റിപ്പോർട്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാശ്രയരായി കാൽനടയായും ബോട്ട് വഴിയുമാണ് കൂടുതൽ പേരും അവിടെയെത്തുന്നത്.
രാഖൈനിൽനിന്ന് 278 കി.മീ. ദൂരമുണ്ട് ബംഗ്ലാദേശ് അതിർത്തിയിലേക്ക്. നാഫ് നദി കടന്നുവേണം ഇവിടെയെത്താൻ. വ്യാഴാഴ്ച 1,64,000 അഭയാർഥികൾ ബംഗ്ലാദേശ് അതിർത്തിയിലെത്തിയെന്നായിരുന്നു യു.എസ് പുറത്തുവിട്ട കണക്ക്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുന്ന റോഹിങ്ക്യകളെ ഒന്നടങ്കം പുറത്താക്കാനാണ് മ്യാന്മർ ഭരണകൂടത്തിെൻറ ശ്രമം. ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് വീണ്ടും കലാപം തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ കലാപത്തിൽ ലക്ഷത്തോളം അഭയാർഥികൾ ബംഗ്ലാദേശിലെത്തിയിരുന്നു.
അനുഭവിക്കുന്നത്
ആസൂത്രിത പീഡനം–മലേഷ്യ ക്വാലാലംപുർ: റോഹിങ്ക്യൻ മുസ്ലിംകൾ അനുഭവിക്കുന്നത് ആസൂത്രിതപീഡനമാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്. കൊലയും കൊള്ളയും ബലാത്സംഗവുമുൾപ്പെടെ കൊടുംപീഡനങ്ങളാണ് ആ ജനത അഭിമുഖീകരിക്കുന്നത്. ദയയുടെ കണികപോലും അവർക്ക് ഭരണകൂടം നിഷേധിക്കുകയാണ്. ഇതെല്ലാം കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളുടെ ഭാഗമാണെന്നും നജീബ് കുറ്റപ്പെടുത്തി. റോഹിങ്ക്യകൾക്കുനേരെയുള്ള ആക്രമണങ്ങൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയ മുസ്ലിം രാജ്യമാണ് മലേഷ്യ. ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ നിറച്ച രണ്ട് കാർഗോ വിമാനങ്ങൾ മലേഷ്യ ബംഗ്ലാദേശിലേക്ക് അയച്ചിരുന്നു. കലാപത്തിൽനിന്ന് രക്ഷതേടി റോഹിങ്ക്യകൾ കൂട്ടപ്പലായനം ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. കൂടുതൽ സഹായങ്ങൾ നൽകാൻ തയാറാണെന്നും അവർ അറിയിച്ചിരുന്നു. ബംഗ്ലാദേശ് അനുവദിക്കുകയാണെങ്കിൽ അഭയാർഥികളെ ചികിത്സിക്കാൻ 200 ബെഡുകളുള്ള ആശുപത്രി സജ്ജീകരിക്കുമെന്ന് സായുധസേന മേധാവി സൂചിപ്പിക്കുകയും ചെയ്തു.
പാകിസ്താൻ മ്യാന്മർ അംബാസഡറെ വിളിപ്പിച്ചു ഇസ്ലാമാബാദ്: റോഹിങ്ക്യൻ മുസ്ലിംകളോടുള്ള സൈനിക അടിച്ചമർത്തലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്താൻ മ്യാന്മർ അംബാസഡറെ വിളിച്ചുവരുത്തി. പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജൻജ്വ ആണ് മ്യാന്മർ അംബാസഡർ യു വിൻ മിൻറിനെ വിളിപ്പിച്ചത്. കലാപം തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും റോഹിങ്ക്യകൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. ജീവിക്കാനും ഭയരഹിതമായി സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള റോഹിങ്ക്യകളുടെ അവകാശം ഉറപ്പുവരുത്തണം. അടുത്തിടെ നടന്ന കൂട്ടക്കലാപങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. റോഹിങ്ക്യകൾക്ക് അടിയന്തര സഹായമായി കുവൈത്ത് 15 ലക്ഷം യു.എസ് ഡോളർ അനുവദിച്ചതായി ഒൗഖാഫ്-ഇസ്ലാമികകാര്യ മന്ത്രി മുഹമ്മദ് അൽ ജബ്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.