ധാക്ക: വീട്ടിൽ കയറി മാധ്യമപ്രവര്‍ത്തകയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. സ്വകാര്യ ചാനലായ ആനന്ദ ടെലിവിഷനിലെ സുബര്‍ണ നോദിയാണ് (32) കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് ദിനപത്രമായ ജാഗ്രതോയിലും സുബര്‍ണ ജോലി ചെയ്തിരുന്നു. ബംഗ്ലാദേശിലെ പബ്ല ജില്ലയിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സുബര്‍ണ ഒമ്പതു വയസ്സുകാരിയായ മകള്‍ക്കൊപ്പമാണ് താമസം.
ചൊവ്വാഴ്ച രാത്രി 10.45നാണ് സുബര്ണക്കു നേരെ ആക്രമണമുണ്ടായത്. പത്തോളം ആളുകളടങ്ങിയ ആക്രമിസംഘം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കാളിങ്ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന ഉടൻ ആക്രമികള്‍ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഇബ്നെ മിസാന്‍ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിനെതിരെ രാജ്യത്തെ മാധ്യമപ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നു. കൊലപാതകികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എത്രയുംപെട്ടെന്നുതന്നെ പ്രതികളെ പിടികൂടുമെന്നും അഡീഷനല്‍ എസ്.പി ഗൗതംകുമാര്‍ ബിശ്വാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.