ധാക്ക: വന്യജീവികളെ വ്യാപകമായി വേട്ടയാടിയതിന് വർഷങ്ങളായി പൊലീസ് തിരയുന്നയാൾ ഒടുവിൽ പൊലീസ് പിടിയിൽ. വംശനാശ ഭീഷണി നേരിടുന്ന 70 ബംഗാൾ കടുവകളെയുൾപെടെ വന്യജീവികളെ വ്യാപകമായി വേട്ടയാടി സുന്ദർബൻ വനങ്ങളിൽ വിലസി നടന്ന 'കടുവ ഹബീബ്' ആണ് രണ്ടു പതിറ്റാണ്ടു നീണ്ട പൊലീസ് തിരച്ചിലിനൊടുവിൽ വലയിലായത്.
വനമേഖലയോടു ചേർന്ന് താമസമാക്കിയ ഇയാൾ പൊലീസ് എത്തുേമ്പാൾ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു പതിവെന്ന് പൊലീസ് മേധാവി സൈദു റഹ്മാൻ പറഞ്ഞു. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ജയിലിലാക്കി.
ബംഗാൾ കടുവകൾ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെട്ട സുന്ദർബൻ വനങ്ങൾ ഇന്ത്യ- ബംഗ്ലദേശ് അതിർത്തിയോടു ചേർന്നാണ്. ഇവിടങ്ങളിൽനിന്ന് വേട്ടയാടുന്ന കടുവയുടെ തോല്, എല്ല് എന്നിവ മാത്രമല്ല മാംസം വരെ വിൽപന നടത്തിയിരുന്നതായാണ് സംശയം. ചൈനയിലുൾപെടെ കണ്ണികളുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
വനത്തിൽ തേൻ ശേഖരിക്കുന്ന ജോലിയുമായി തുടങ്ങിയാണ് ഇയാൾ കടുവ വേട്ടയിലെത്തിയത്. ഒറ്റക്കുപോയാണ് പലപ്പോഴും കടുവകളെ പിടികൂടുക. മാനുകളെയും പിടികൂടിയതിന് 50കാരന്‍റെ പേരിൽ കേസുകളുണ്ട്. 70 കടുവകളെ താൻ വേട്ടയാടിയതായി ഇയാൾ നാട്ടുകാരോട് പറഞ്ഞത് മാത്രമാണ് പൊലീസിന്‍റെ കൈവശമുള്ള തെളിവ്.
സുന്ദർബനിലെ കണ്ടൽ വനങ്ങളോടു ചേർന്ന ഉപ്പുരസമുള്ള വെള്ളത്തിലിറങ്ങി മീൻ പിടിക്കുന്ന ബംഗാൾ കടുവകൾ നന്നായി നീന്തൽ വശമുള്ളവയാണ്. 2019ലെ കണക്കുകൾ പ്രകാരം ഇവിടെ മാത്രം 114 ബംഗാൾ കടുവകൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തൽ. 2004ൽ 440 ആയിരുന്നതാണ് വർഷങ്ങൾക്കിടെ വൻതോതിൽ കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.