ധാക്ക: സ്വന്തം രാജ്യത്ത് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ, ബംഗ്ലാദേശിലുള്ള പാവങ്ങൾ ഇന്ത്യയിലേക്ക് കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച് ബംഗ്ലാദേശ്. അമിത് ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമിൻ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും അത് തെറ്റിധാരണ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിൽ ആരും പട്ടിണി കാരണം മരിക്കുന്നില്ലെന്നും രാജ്യത്തിന്‍റെ വടക്കൽ ജില്ലകളിൽ ദാരിദ്ര്യവും പട്ടിണിയും നിലനിൽക്കുന്നില്ലെന്നും മോമിൻ പറഞ്ഞു. പല മേഖലകളിലും അമിത് ഷായുടെ രാജ്യത്തേക്കാൾ ഏറെ മുന്നിലാണ് ബംഗ്ലാദേശ്, ബംഗ്ലാദേശിലെ 90 ശതമാനം ആളുകളും നല്ല ശൗചാലയങ്ങൾ ഉപയോഗിക്കുന്നു, ഇന്ത്യയിൽ 50 ശതമാനത്തിലധികം ആളുകൾക്ക് ശരിയായ ശൗചാലയങ്ങളില്ല എന്നും മോമിൻ തുറന്നടിച്ചു.
ബംഗ്ലാദേശിൽ വിദ്യാസമ്പന്നർക്ക് ജോലി കുറവുള്ള സാഹചര്യമുണ്ടെങ്കിലും വിദ്യാഭ്യാസം കുറവുള്ളവർക്ക് അത്തരം ക്ഷാമമില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകൾ ബംഗ്ലാദേശിൽ ജോലി ചെയ്യുന്നുണ്ട്. നമുക്ക് ഇന്ത്യയിലേക്ക് പോവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരിദ്ര്യം കാരണം ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് ആളുകൾ ഒഴുകുന്നുവെന്ന് പറഞ്ഞ അമിത് ഷാ, പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ വിജയിപ്പിച്ചാൽ, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.