ധാക്ക: 10 വർഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. യാത്രാവിലക്ക് നീക്കിയതിനെ സ്വാഗതം ചെയ്ത ഇസ്രായേൽ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെൽ അവിവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തു.
'ഇസ്രായേൽ ഒഴികെ എല്ലാ രാജ്യങ്ങളിലേക്കും സാധുതയുള്ള പാസ്പോർട്ട്' എന്ന ഉപാധി നിലവിലെ പാസ്പോർട്ടുകളിൽനിന്നു നീക്കുമെന്നും 'ലോകമെമ്പാടും സാധുതയുള്ളത്' എന്നാക്കി മാറ്റുമെന്നും ബംഗ്ലാദേശ് അധികൃതർ അറിയിച്ചു. പാസ്പോർട്ടുകൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിെൻറ തീരുമാനം സ്വാഗതാർഹമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹൻ ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിെൻറ ഫലസ്തീൻ അധിനിവേശത്തെ എതിർക്കുന്ന ബംഗ്ലാദേശ് ഇനിയും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല.
യാത്രാവിലക്ക് മാറ്റിയെങ്കിലും ഇസ്രായേലിനോടുള്ള നയനിലപാടിൽ മാറ്റമില്ലെന്ന് അസദുസ്സമാൻ ഖാൻ കമാൽ അറിയിച്ചു. യു.എ.ഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി ഇസ്രായേൽ അടുത്തിടെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.