ഗർഭഛിദ്രത്തിന് മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കും; ഉത്തരവിറക്കി ജോ ബൈഡൻ

വാഷിങ്ടൺ: ഗർഭഛിദ്രത്തിനുള്ള മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ഉത്തരവിറക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന സുപ്രീം കോടതിയുടെ വിധിയോട് എതിർപ്പ് പ്രകടിപ്പിച്ചാണ് ഉത്തരവ്. കോടതിവിധി ദുരന്തസമാനമായ തെറ്റാണെന്ന് ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു.

പുതിയ ഉത്തരവ് പ്രകാരം ഗർഭനിരോധനത്തിന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ ലഭ്യമാകും. ഗർഭം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുന്ന ഗുളികകൾ, അടിയന്തിര വൈദ്യസഹായം, കുടുംബാസൂത്രണ സേവനങ്ങൾ തുടങ്ങി കൂടുതൽ മെഡിക്കൽ സഹായങ്ങൾ ഉറപ്പാക്കും. കൂടാതെ, സംസ്ഥാന അതിർത്തികളിൽ മൊബൈൽ അബോർഷൻ ക്ലിനിക്കുകളും സ്ഥാപിക്കുവാനും വൈദ്യ സേവനത്തിനായി യാത്ര ചെയ്യുന്ന ഡോക്ടർമാർക്കും സ്ത്രീകൾക്കും സംരക്ഷണമൊരുക്കാനും നിർദേശമുണ്ട്.

കഴിഞ്ഞ മാസമാണ് ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന സുപ്രീം കോടതി വിധി വന്നത്. ഗർഭഛിദ്രം അനുവദിക്കുന്ന റോ- വേഡ് കേസിൽ 1973ലെ ചരിത്രപരമായ വിധി തള്ളിയായിരുന്നു ഇത്. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരം നൽകുകയായിരുന്നു. ഇതേ തുടർന്ന് രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനായി പ്രവർത്തിച്ച ക്ലിനിക്കുകൾ അടച്ചുപൂട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Biden signs executive order on abortion, declares Supreme Court 'out of control'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.