വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 50 മില്യൺ ഡോളർ സംഭാവന നൽകി വ്യവസായി ബിൽ ഗേറ്റ്സ്. കമലയെ പിന്തുണക്കുന്ന സംഘടനക്കാണ് സംഭാവനയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരസ്യമായി കമല ഹാരിസിനെ പിന്തുണച്ച് ബിൽഗേറ്റ്സ് രംഗത്തെത്തിയിട്ടില്ലെങ്കിലും ഡോണാൾഡ് ട്രംപിനോട് അദ്ദേഹത്തിന് കടുത്ത എതിർപ്പിട്ടുണ്ട്.
സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണങ്ങളിൽ ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതിലെ ആശങ്ക ബിൽഗേറ്റ്സ് പ്രകടിപ്പിച്ചുവെന്നാണ് സൂചന. ബിൽഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബിൽ&മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതിൽ ആശങ്കയുണ്ട്. കുടുംബാസൂത്രണം, ആരോഗ്യപദ്ധതികൾ എന്നിവയിലെല്ലാം ട്രംപിന്റെ നയങ്ങളിൽ ഫൗണ്ടേഷന് ആശങ്കയുണ്ട്.
ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നവർക്കും ദാരിദ്ര്യം, കാലാവസ്ഥ മാറ്റം എന്നിവക്കെതിരെ പോരാടുന്നവർക്കുമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ തന്റെ വോട്ടെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് തനിക്ക് പരിചയമുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. അമേരിക്കക്കും ലോകത്തെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് നിർണായകമായിരിക്കുമെന്ന് ബിൽഗേറ്റ്സ് പറഞ്ഞു.
ഇതുവരെ ശതകോടീശ്വരരായ 81 പേരാണ് കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ, ശതകോടീശ്വരിൽ ഒരാളായ ഇലോൺ മസ്ക് ഡോണാൾഡ് ട്രംപിനെയാണ് പിന്തുണക്കുന്നത്. ട്രംപിന്റെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സമ്മാനതുകയൊക്കെ മസ്ക് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.