ധാക്ക: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമ്മക്കെതിരെ ബംഗ്ലാദേശിൽ ആയിരങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ റാലി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നിരവധി ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ജൂൺ 16ന് ഇന്ത്യൻ എംബസി ഉപരോധിക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയെയും ഇന്ത്യൻ ഉൽപന്നങ്ങളെയും ബഹിഷ്കരിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ തലസ്ഥാന നഗരമായ ധാക്കയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രശ്നം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
രാജ്യത്തെ നിരവധി ജില്ലകളിൽ പ്രതിഷേധ മാർച്ച് നടന്നു. സവാറിൽ ജുമുഅ നമസ്‌കാരത്തിന് പ്രതിഷേധക്കാർ ധാക്ക-അരിച്ച ഹൈവേ ഉപരോധിച്ചതായി ധാക്ക നോർത്ത് ട്രാഫിക് ഇൻസ്പെക്ടർ അബ്ദുസലാം പറഞ്ഞു. മറ്റൊരു സംഘം ബിപയിൽ നബിനഗർ-ചന്ദ്ര ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചു.
ദേശീയ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ പരാമർശം നടത്തിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും ഇന്ത്യയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
പ്രതിഷേധം വർധിച്ചതോടെ നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബി.ജെ.പി പ്രഖ്യാപിച്ചു. സംഘർഷം രൂക്ഷമായതോടെ നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും വെള്ളിയാഴ്ച വ്യാപക പ്രതിഷേധങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.