വാഷിങ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി ഏതാനും പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.
'വാഹനം 20ലധികം ആളുകളെ ഇടിച്ചു. ഇതിൽ ചിലർ കുട്ടികളാണ്. ഏതാനും പേർ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ എണ്ണം അവരുടെ കുടുംബാംഗങ്ങൾ ഉറപ്പിക്കാതെ വ്യക്തമാക്കാനാവില്ല' -വൗകെഷ പൊലീസ് മേധാവി ഡാനിയൽ തോംസൺ പറഞ്ഞു. വൗകേശയിലെ ഹോളിഡേ പരേഡ് ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. വിഡിയോയിൽ ചുവന്ന എസ്.യു.വി ജനക്കൂട്ടത്തിനിടയിലൂടെ ഓടിക്കുകയും വഴിയിൽ ആളുകളെ ഇടിക്കുകയും ചെയ്യുന്നതായി കാണാം.
ഒന്നിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. കാറിന്‍റെ ചില്ലിൽനിന്ന് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
'അതേസമയം, വാഹനം നിർത്താൻ വേണ്ടി പൊലീസ് ഇവർക്കുനേരെ വെടിയുതിർത്തിയിട്ടുണ്ട്. വെടിവെപ്പിൽ പരേഡിൽ പങ്കെടുത്ത ആർക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിൽനിന്ന് തിരിച്ച് വെടിയുതിർത്തതായും കരുതുന്നില്ല' -അധികൃതർ വ്യക്തമാക്കി.
വൗകെഷയിലെ സ്ഥിതിഗതികൾ വൈറ്റ് ഹൗസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 'ഭയാനകമായ സംഭവത്തിൽ ആഘാതമേറ്റ എല്ലാവരോടും ഞങ്ങളുടെ ഹൃദയം തുറന്നിടുന്നു. ആവശ്യാനുസരണം പിന്തുണയും സഹായവും നൽകാൻ ഞങ്ങൾ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്' -വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന് തീവ്രവാദവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്ന് വൗകെഷാ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.