വാഷിങ്ടൺ: താലിബാൻ നേതാക്കളും സി.ഐ.എ തലവൻ വില്യം ബേൺസും തിങ്കളാഴ്ച രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരമാണ് കാബൂളിലെ രഹസ്യ കൂടിക്കാഴ്ചയെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാബൂളിലെത്തി താലിബാൻ നേതാവ് അബ്ദുൽ ഗനി ബറദാറുമായി വില്യം ബേൺസ് കൂടിക്കാഴ്ച നടത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ സി.ഐ.എയും വൈറ്റ് ഹൗസും തയാറായില്ലെന്ന് ആഗോള വാർത്ത ഏജൻസിയായ റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
എൻ.ബി.സി ന്യൂസ്, ഫോക്സ് ന്യൂസ് എന്നീ പ്രഖുമ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ സൈന്യത്തെ അഫ്ഗാനിൽ നിന്നും പിൻവലിക്കുന്നതുമായി ബന്ധപ്പെടാവാം ചർച്ചയെന്നും വാർത്തയിൽ പറയുന്നു.
അഫ്ഗാനിസ്താനിൽ നിന്ന് സൈനിക പിൻമാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനവുമായി താലിബാൻ രംഗത്തെത്തിയിരുന്നു. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പു നൽകിയിരുന്നു. 'അധിനിവേശം നീട്ടിക്കൊണ്ടുപോകുന്നതിന് തുല്യമാണിത്. അത് ചുവന്ന രേഖയാണ്'- ദോഹയിലുള്ള താലിബാൻ പ്രതിനിധി സംഘം പ്രതിനിധി സുഹൈൽ ഷാഹീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.