കൊളംബൊ: ശ്രീലങ്കൻ കടലിൽ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്നർ കയറ്റിയ ചരക്കുകപ്പലിൽ നിന്ന് ഡേറ്റാ റെക്കോഡർ കണ്ടെടുത്തു. ലങ്കൻ നാവികസേനയുടെ സഹായത്തോടെ മർച്ചന്‍റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങൽ വിദഗ്ധരാണ് 'കപ്പലിന്‍റെ ബ്ലാക്ക് ബോക്സ്' എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോർഡർ (വി.ഡി.ആർ) കണ്ടെടുത്തത്.
അതേസമയം, എണ്ണയുടെയോ രാസചോർച്ചയുടെയോ ലക്ഷണങ്ങൾ ഭീഷണിയാകുന്ന തരത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കൻ പോർട്ട് അതോറിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കൻ നാവികസേനയും ഇന്ത്യൻ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
മേയ് 21ന് കൊളംബോയുടെ തീരത്തുവെച്ചാണ് സിങ്കപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചത്. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പൽ. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്. അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലിൽ പരന്നൊഴുകി.
350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയിൽ പരന്നൊഴുകിയത്. ഇന്ധനച്ചോർച്ച ഇനിയും കൂടുമെന്ന ആശങ്ക നിലനിൽക്കുന്നു. 1,486 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
ഇതിൽ 25 മെട്രിക് ടൺ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തിൽ അപകടകാരികളായ വസ്തുക്കളാണ് ഉള്ളതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കരക്കടിഞ്ഞ മൈക്രോ പ്ലാസ്റ്റിക് കുമ്പാരം നീക്കാനുള്ള ശ്രമം ശ്രീലങ്കൻ സേന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.