ലബനാനിൽ കരയാക്രമണ സൂചനയുമായി ഇസ്രായേൽ മന്ത്രി; നേരിടാൻ തങ്ങൾ സജ്ജരെന്ന് ഹിസ്ബുല്ല ഉപമേധാവി

തെൽഅവീവ്: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1000ലേറെ​ പേരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണത്തിനും പിന്നാലെ ലബനാനിൽ കരയാക്രമണത്തിനും തയാറെടുക്കുന്നുവെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ്. നസ്റുല്ലയെ ഇല്ലാതാക്കിയത് സുപ്രധാന നീക്കമാണെങ്കിലും അത് കൊണ്ട് എല്ലാം ആയില്ല എന്നാണ് ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ സൈനികരോട് സംസാരിക്കവേ ഗാലന്റ് പറഞ്ഞത്.

“ഞങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കും. എല്ലാകഴിവുകളും എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എതിരാളികൾക്ക് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ, അറിഞ്ഞോളൂ, എല്ലാം അതിൽ ഉൾപ്പെടും. നിങ്ങൾ (സൈനികർ) ഈ ദൗത്യത്തിന്റെ ഭാഗമാണ്” -ഗാലന്റ് സൈനികരോട് പറഞ്ഞു. ലബനാന് നേരെ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ ഇതാദ്യമായി തലസ്ഥാനമായ ബെയ്‌റൂത്തിന്റെ മധ്യഭാഗത്ത് ഇന്ന് ആക്രമണം നടത്തിയിരുന്നു. ഇത് സമ്പൂർണ യുദ്ധത്തിനുള്ള സൂചനയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഇസ്രായേൽ കരയാക്രമണത്തിന് ഒരുങ്ങുകയാണെങ്കിൽ അതി​നെ നേരിടാൻ തങ്ങൾ സജ്ജരാ​ണെന്ന് ഹിസ്ബുല്ല ഉപമേധാവി ശൈഖ് നഈം ഖാസിം വ്യക്തമാക്കി. തങ്ങളുടെ മേധാവി ഹസൻ നസ്റുല്ലയും നിരവധി മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടെങ്കിലും ഇസ്രായേലിനെതിരായ പോരാട്ടത്തിൽനിന്ന് പിൻമാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ ആക്രമണം ഹിസ്ബുല്ലയുടെ സൈനിക ശേഷിയെ ബാധിച്ചിട്ടില്ലെന്നും വിഡിയോ സന്ദേശത്തിൽ നഈം ഖാസിം അറിയിച്ചു.

ഹസൻ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിന് ശേഷവും ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ അതേ വേഗതയിൽ തന്നെ തുടരുകയാണ്. പുതിയ നേതൃത്വത്തെ സംഘടന അതിന്റെ ചട്ടപ്രകാരം ഉടൻ തെരഞ്ഞെടുക്കും. ഹിസ്ബുല്ലയെ ലക്ഷ്യമിടുന്നു എന്ന പേരിൽ ലബനാനിലെ സാധാരണക്കാരെയാണ് ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നത്. ഇസ്രായേൽ ആക്രമണത്തിന്റെ അടയാളങ്ങളില്ലാതെ ഒരു വീടും ലബനാനിൽ അവശേഷിക്കുന്നില്ല. സിവിലിയന്മാരെയും ആംബുലൻസുകളെയും കുട്ടികളെയും പ്രായമായവരെയും ഇസ്രായേൽ ആക്രമിക്കുന്നു. സാംസ്കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും പരിധിയില്ലാത്ത സൈനിക പിന്തുണയിലൂടെയും ഈ കൂട്ടക്കൊലയിൽ അമേരിക്ക ഇസ്രയേലിന്റെ പങ്കാളിയാണ്. എന്നാൽ, 2006ൽ ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ വിജയിച്ചതുപോലെ ഇത്തവണയും ഞങ്ങൾ വിജയിക്കും -വിഡിയോ സന്ദേശത്തിൽ നഈം ഖാസിം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.