അഡാന (തുർക്കിയ): തെക്കുകിഴക്കൻ തുർക്കിയയെയും അതിർത്തി പങ്കിടുന്ന സിറിയയെയും മഹാദുരന്തത്തിലാഴ്ത്തിയ ഭൂകമ്പത്തിൽ മരണം 5500 കടന്നു. ഇരു രാജ്യങ്ങളിലുമായി നിലംപതിച്ച ആയിരക്കണക്കിന് കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടുകിടക്കുന്നവർക്കായി കൊടുംശൈത്യം മറികടന്ന് രക്ഷാപ്രവർത്തകർ ചൊവ്വാഴ്ചയും തിരച്ചിൽ തുടരുകയാണ്.
സഹായഹസ്തം നീട്ടിയ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരടക്കം കാൽ ലക്ഷത്തോളം ദൗത്യസേനാംഗങ്ങൾ ദുരന്തഭൂമിയിൽ കർമനിരതരാണെന്ന് തുർക്കിയ അധികൃതർ പറഞ്ഞു. എന്നാൽ, ദുരന്തമേഖലയുടെ വ്യാപ്തി പരിഗണിക്കുമ്പോൾ രക്ഷാപ്രവർത്തനം എല്ലായിടത്തുമെത്താത്ത അവസ്ഥയാണ്. പൂജ്യത്തോടടുക്കുന്ന താപനിലയും ഇരുനൂറോളം തുടർചലനങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. മരണസംഖ്യ തുർക്കിയയിൽ 3500ഉം സിറിയയിൽ രണ്ടായിരവും കവിഞ്ഞു.
രാജ്യത്ത് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച 10 പ്രവിശ്യകളിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
രാജ്യത്തു മാത്രം 6000 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാൻതെപിനടുത്ത, ദുരന്തം ഏറെ ബാധിച്ച ഹത്തായ് പ്രവിശ്യയിൽ ഒട്ടേറെ പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ഇവിടെയുള്ള അന്റാക്യ നഗരത്തിൽ തകർന്ന കെട്ടിടത്തിൽ അകപ്പെട്ടുകിടക്കുന്ന തന്റെ മാതാവിന്റെ നിലവിളി പുറത്തേക്കു കേൾക്കാമെന്നും വലിയ കോൺക്രീറ്റ് പാളി നീക്കിയാൽ മാത്രമേ അവർക്കരികിലെത്താൻ കഴിയൂവെന്നും പ്രദേശവാസിയായ നർഗുൽ അത്തായ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
രക്ഷാപ്രവർത്തകരും വലിയ യന്ത്രങ്ങളും ഇനിയും എത്തിയിട്ടില്ലാത്തതിനാൽ, 70കാരിയായ മാതാവിനെ രക്ഷിക്കാൻ കഴിയുമോ എന്നറിയില്ലെന്നും അവർ വിതുമ്പലോടെ വിവരിച്ചു.
നഗരത്തിൽ പൊതു ഹാളുകളും സ്പോർട്സ് സെന്ററുകളും നിറഞ്ഞതിനാൽ അനേകം പേർ കൊടുംതണുപ്പിലും പുറത്തു കഴിയേണ്ടിവരുകയാണ്.
സ്വതവേ ആരോഗ്യസംവിധാനങ്ങൾ കുറവുള്ളതിനാൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാനാവാത്ത അവസ്ഥയാണെന്ന്, വടക്കൻ സിറിയയിൽ ദൗത്യത്തിലുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘത്തിന്റെ മേധാവി സെബാസ്റ്റ്യൻ ഗെയ് പറഞ്ഞു.
സിറിയൻ അതിർത്തിയിൽ ഏറെ സൈനിക സാന്നിധ്യമുള്ള തുർക്കിയ, സിറിയൻ ദുരന്തബാധിതർക്കായി ടെന്റുകളും മറ്റും തയാറാക്കുന്നുണ്ട്. 12 വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നാടും വീടും നഷ്ടപ്പെട്ട് തുർക്കിയ അതിർത്തിയിൽ കഴിയുന്ന അനേകരും ഭൂകമ്പക്കെടുതിയിൽ അകപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ച നാലിനാണ് യു.എസ് ജിയളോജിക്കൽ സർവേ മാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
മണിക്കൂറുകൾക്കുശേഷം 7.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി. പിന്നീട് നിരവധി തുടർ കമ്പനങ്ങളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.