മുംബൈ: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ടിന്‍െറയും ഇന്ത്യന്‍ രൂപയുടെയും മൂല്യം കുത്തനെ ഇടിഞ്ഞു. പരിഭ്രാന്തരായ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ മഞ്ഞലോഹത്തിന്‍െറ വില കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒറ്റ ദിവസം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 1.79 ലക്ഷം കോടി രൂപയാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 604.51 പോയന്‍റ് ഇടിഞ്ഞ് 26,397.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 181.85 പോയന്‍റ് തകര്‍ച്ചയില്‍ 8,088.60ലുമാണ് ക്ളോസ് ചെയ്തത്. ബ്രെക്സിറ്റ് ഫലം പുറത്തുവന്ന ഉടനെ സെന്‍സെക്സ് 1000ലേറെ പോയിന്‍റും 300ലേറെ പോയിന്‍റും ഇടിഞ്ഞിരുന്നു. നാല് മാസത്തിനിടെ സെന്‍സെക്സിലുണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ബ്രിട്ടനില്‍ വന്‍തോതില്‍ നിക്ഷേപമുള്ള കമ്പനികള്‍ക്കാണ് ഏറ്റവും കനത്ത തകര്‍ച്ച നേരിട്ടത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭാരത് ഫോര്‍ജ്, ഇന്‍ഫോസിസ്, ടി.സി.എസ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ വന്‍ ഇടിവ് നേരിട്ടു.
പൗണ്ടിന്‍െറ മൂല്യം 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. 1985നുശേഷം ആദ്യമായാണ് പൗണ്ടിന്‍െറ മൂല്യം ഒറ്റയടിക്ക് ഇത്രയും കുറയുന്നത്. ഒരു ഘട്ടത്തില്‍ പൗണ്ടിന് 1.3236 ഡോളര്‍ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. 10 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. യൂറോക്കെതിരെ ഏഴ് ശതമാനത്തോളമാണ് പൗണ്ടിന്‍െറ മൂല്യം കുറഞ്ഞത്. ഒരു പൗണ്ടിന് 1.2085 യൂറോ എന്ന നിലയിലേക്കാണ് മൂല്യം എത്തിയത്. 2009ലാണ് ഇതിന് മുമ്പ് പൗണ്ടിന്‍െറ മൂല്യം വന്‍തോതില്‍ കുറഞ്ഞത്. അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ലേമാന്‍ ബ്രദേഴ്സിന്‍െറ തകര്‍ച്ചയത്തെുടര്‍ന്ന് 2009 ജനുവരി 20ന് 3.39 ശതമാനമാണ് പൗണ്ടിന്‍െറ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ യൂറോയുടെ മൂല്യവും 3.3 ശതമാനം ഇടിഞ്ഞു. യൂറോ നിലവില്‍ വന്നശേഷമുണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. പൗണ്ടിന്‍െറ മൂല്യം കുറഞ്ഞതോടെ, ഫ്രാന്‍സിന്‍െറ സമ്പദ്വ്യവസ്ഥ വലുപ്പത്തില്‍ ബ്രിട്ടനെ മറികടന്നു. നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറിയതോടെ ഒരു ഘട്ടത്തില്‍ 8.1 ശതമാനം ഉയര്‍ന്ന് രണ്ട് വര്‍ഷത്തെ ഉയരത്തിലത്തെിയ സ്വര്‍ണവില ഒടുവില്‍ 4.5 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യത്തിലും വന്‍ ഇടിവുണ്ടായി. വ്യാഴാഴ്ച ഡോളറിന് 67.25 എന്ന നിലയില്‍ ക്ളോസ് ചെയ്ത രൂപ വെള്ളിയാഴ്ച ഡോളറിന് 67.88 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറിന് 68.21 എന്ന നിലയിലേക്ക് ഇടിഞ്ഞു. എന്നാല്‍, കൂടുതല്‍ ഡോളര്‍ വിപണിയിലത്തെിച്ച് രൂപയുടെ മൂല്യം മെച്ചപ്പെട്ട് 67.83ലേക്ക് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.