ബ്രെക്സിറ്റ്: വിധി നിര്‍ണയിച്ചത് എട്ടു കാര്യങ്ങള്‍

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോരണമെന്ന ജനവിധി നിര്‍ണയിക്കുന്നതില്‍ എട്ടു ഘടകങ്ങള്‍ സുപ്രധാന പങ്കുവഹിച്ചതായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

1. സാമ്പത്തികാശങ്കകള്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ തിരിച്ചടിയായി
ഇ.യു വിട്ടാല്‍ ബ്രിട്ടന്‍ സാമ്പത്തികതകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന, യൂനിയനില്‍ തുടരണമെന്ന് വാദിക്കുന്ന റിമെയ്ന്‍ പക്ഷത്തിന്‍െറ പ്രചാരണകോലാഹലങ്ങള്‍ വിപരീതഫലം സൃഷ്ടിച്ചു. ഐ.എം.എഫ് മുതല്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വരെ ഇത്തരം മുന്നറിയിപ്പുകളുമായി രംഗപ്രവേശം ചെയ്തിരുന്നു. ഇതുവഴി വരേണ്യവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ്  ക്ഷതമേല്‍ക്കുക എന്ന ധാരണയാണ്  ജനങ്ങളില്‍ സൃഷ്ടിച്ചത്.

2. 35 കോടി പൗണ്ട് ലാഭിക്കാമെന്ന പ്രചാരണം
യൂനിയന്‍ വിടുന്നതോടെ ബ്രിട്ടന് ആഴ്ചതോറും 35 കോടി പൗണ്ട് ലാഭിക്കാനാകുമെന്ന റിമെയ്ന്‍ പക്ഷത്തിന്‍െറ പ്രചാരണം ജനങ്ങളില്‍ ഏറെ സ്വാധീനം ഉളവാക്കി. ഇ.യുവിന് കൊടുക്കേണ്ട വിഹിതം 35 കോടി വരുമെന്നായിരുന്ന പ്രചാരണം യഥാര്‍ഥത്തില്‍ തെറ്റായ കണക്കാണെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ജനങ്ങള്‍ ലളിതമായ ഈ കണക്കില്‍ വിശ്വാസമര്‍പ്പിച്ചില്ല.

3. കുടിയേറ്റ പ്രശ്നം
വിദേശ കുടിയേറ്റക്കാരുടെ ബാഹുല്യം രാജ്യത്തെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ കടുത്ത സ്വാധീനം ഉളവാക്കുമെന്ന പ്രചാരണങ്ങള്‍ സാധാരണ ബ്രിട്ടീഷുകാര്‍ കണ്ണുമടച്ച് വിശ്വസിച്ചു. പരദേശികളാണ് തൊഴിലവസരങ്ങള്‍ കവരുന്നതെന്ന ധാരണ ഇതുവഴി ശക്തിപ്പെട്ടു.

4. പ്രമുഖ വ്യക്തികളുടെ നിലപാട്
ലണ്ടന്‍ മുന്‍മേയര്‍ ബോറിസ് ജോണ്‍സണ്‍, നീതിന്യായ സെക്രട്ടറി മൈക്ക്ള്‍ ഗോവ്, ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫറാഷ് തുടങ്ങിയ പ്രഗല്ഭ രാഷ്ട്രീയ നേതാക്കള്‍ റിമെയ്ന്‍ പക്ഷത്തിനുവേണ്ടി നടത്തിയ പ്രചാരണങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ വന്‍ സ്വാധീനങ്ങള്‍ ഉളവാക്കാനായി.

5. ബന്ധങ്ങളിലെ വിള്ളല്‍
യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രിട്ടന്‍െറ ബന്ധങ്ങളില്‍ നേരത്തേതന്നെ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും യൂനിയനെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു.ഇ.യുവിന് മുന്നോടിയായി രൂപവത്കരിക്കപ്പെട്ട യൂറോപ്യന്‍ കമ്യൂണിറ്റിയില്‍ ബ്രിട്ടന്‍ അംഗത്വമെടുത്തത് ഏറെ വൈകിയ ഘട്ടത്തിലായിരുന്നു.

6. പ്രധാനമന്ത്രിയുടെ വാക്കുകള്‍
ജനം തള്ളി

പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നിരവധി വിജയങ്ങളുടെ ശില്‍പി ആയിരുന്നെങ്കിലും ഇത്തവണ ജനങ്ങള്‍ അദ്ദേഹത്തെ കൈവിട്ടു. സ്വന്തം കക്ഷിയില്‍നിന്നുപോലും അദ്ദേഹത്തിന്‍െറ നിലപാടുകള്‍ക്കെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. ലേബര്‍ പാര്‍ട്ടിയംഗങ്ങളും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ തയാറായില്ല.


7. ജനസമ്പര്‍ക്കം നഷ്ടപ്പെട്ട
ലേബര്‍ കക്ഷി

പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ 90 ശതമാനം എം.പിമാരും റിമെയ്ന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ജനവികാരം ശരിയായി ഗ്രഹിക്കുന്നതില്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടു.

8. വൃദ്ധ വോട്ടര്‍മാര്‍
പ്രായംചെന്ന വോട്ടര്‍മാര്‍ സാധാരണ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി വന്‍തോതില്‍ ബൂത്തുകളില്‍ പ്രത്യക്ഷപ്പെട്ടു. 55 വയസ്സിനുമുകളിലുള്ളവരില്‍ ബഹുഭൂരിപക്ഷവും ബ്രെക്സിറ്റ് അനുകൂലികളായിരുന്നുവെന്ന് സര്‍വേകള്‍ തെളിയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.