യുനൈറ്റഡ് നാഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച നടപടിക്കെതിരെ യു.എൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെ, അംഗരാജ്യങ്ങൾക്ക് യു.എസിെൻറ താക്കീത്. കാര്യങ്ങൾ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങൾക്കെതിരായ നീക്കത്തിൽനിന്ന് മറ്റുരാജ്യങ്ങൾ പിന്മാറണമെന്നും ആവശ്യപ്പെട്ട് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് കത്തയച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പ്രമേയം ചർച്ചചെയ്യാൻ പൊതുസഭ അടിയന്തരമായി സമ്മേളിക്കുന്നത്. ‘‘യു.എസിനെതിരായ പ്രമേയത്തെ അനുകൂലിക്കുന്ന രാജ്യങ്ങളെ കുറിച്ച് ട്രംപിന് റിപ്പോർട്ട് നൽകും. തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ പശ്ചിമേഷ്യൻ പ്രശ്നം കൂടുതൽ സങ്കീർണമാവും. 22 വർഷം മുമ്പ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി യു.എസ് കോൺഗ്രസ് അംഗീകരിച്ചതാണ്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിന് ഒൗദ്യോഗിക അംഗീകാരം നൽകുക മാത്രമാണ് ട്രംപ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജറൂസലമിെൻറ വിശുദ്ധ പദവി നിലനിർത്തണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കത്തിൽ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച ജറൂസലം വിഷയത്തിൽ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.
തുടർന്നാണ് വിഷയം പൊതുസഭയിൽ ചർച്ചചെയ്യണമെന്ന് ഫലസ്തീൻ ആവശ്യപ്പെട്ടത്. രക്ഷാസമിതിയിലെപ്പോലെ പൊതുസഭയിൽ വീറ്റോ അധികാരമില്ലാത്തതിനാൽ യു.എസിനെതിരായ പ്രമേയം നിഷ്പ്രയാസം പാസാക്കാൻ കഴിയും. അതാണ് യു.എസ് ഭയക്കുന്നതും. രക്ഷാസമിതിയിൽ 14 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഡിസംബർ ആറിനാണ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.