ഡമസ്കസ്: സിറിയയിൽ ഒരുമാസത്തെ വെടിനിർത്തലിന് യു.എൻ രക്ഷാസമിതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഒരുമാസത്തെ വെടിനിർത്തലിനും ഭക്ഷണവസ്തുക്കളും മരുന്നും ഉൾപ്പെടെ സാധനങ്ങൾ ഉപരോധ ഗ്രാമമായ കിഴക്കൻ ഗൂതയിലേക്ക് എത്തിക്കാനും ആവശ്യപ്പെട്ടാണ് രക്ഷാസമിതിയിൽ കുവൈത്തും സ്വീഡനും പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തണമെന്ന ആവശ്യത്തിൽ റഷ്യ ഉറച്ചുനിന്നതോടെ ആദ്യദിവസങ്ങളിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നില്ല. എന്നാൽ, ശനിയാഴ്ച നടന്ന വോെട്ടടുപ്പിൽ അംഗരാജ്യങ്ങൾ ഒന്നടങ്കം പ്രമേയത്തെ പിന്താങ്ങി. ഒരുനിമിഷം പോലും പാഴാക്കതെ സിറിയയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് രക്ഷാസമിതി ബശ്ശാർ സർക്കാറിനോട് ആവശ്യപ്പെട്ടു. അതേസമയം, അൽഖാഇദ, നുസ്റഫ്രണ്ട് പോലുള്ള തീവ്രവാദ സംഘങ്ങൾക്കെതിരായ പോരാട്ടം തുടരും.
അതിനിടെ, രക്ഷാസമിതി യോഗം ചേർന്ന് നിമിഷങ്ങൾക്കകം സിറിയയിൽ ആക്രമണം നടന്നതായി മനുഷ്യാവകാശ നിരീക്ഷകസംഘങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഏറെ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
ഒരാഴ്ചയായി ബശ്ശാർ സൈന്യം വിമതനഗരമായ കിഴക്കൻ ഗൂതയിൽ നടത്തിയ ആക്രമണങ്ങളിൽ 500ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. 2500 പേർക്ക് പരിക്കേറ്റു.
കിഴക്കൻ ഗൂതയിൽ ഏതാണ്ട് നാലു ലക്ഷം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി ആശുപത്രികളും തകർന്നു. അതേസമയം, സിവിലിയന്മാരെ ലക്ഷ്യംവെച്ചല്ല ആക്രമണമെന്നാണ് ബശ്ശാർ സേനയുടെ വാദം. ‘ഭീകര’രിൽനിന്ന് കിഴക്കൻ ഗൂത മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.