വാഷിങ്ടൺ: ഇസ്രായേലിന്റെ രക്ഷക്ക് കൂടുതൽ സൈനികരെ അയക്കുകയും അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനമെത്തിക്കുകയും ചെയ്തതിനു പിറകെ, നെതന്യാഹുവിന് യു.എസ് വക ഭീഷണിക്കത്തും. ഗസ്സയിൽ മാനുഷിക സഹായം മുടക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക സഹായം വെട്ടിക്കുറക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഒപ്പുവെച്ച കത്തിൽ പറയുന്നത്. 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവിൽ വടക്കൻ ഗസ്സയിൽ ഇസ്രായേൽ ദിവസങ്ങളായി തുടരുന്ന സൈനിക നീക്കം ലക്ഷങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതായി യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കൻ ഗസ്സയിലേക്ക് എല്ലാവിധ സഹായങ്ങളും മുടക്കിയും നാടുവിടാൻ പോലും അനുവദിക്കാതെയും വിവിധ മേഖലകളിൽ കൂട്ടക്കൊല തുടരുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട്. മറ്റു വഴികളെല്ലാം ഇസ്രായേൽ മുറിച്ചുകളഞ്ഞതിനാൽ യു.എൻ ഏജൻസികൾ നൽകുന്ന സഹായം മാത്രമാണ് നിലവിൽ വടക്കൻ ഗസ്സയിലുള്ളവർക്ക് ജീവൻ നിലനിർത്താൻ സഹായകമാകുന്നത്. ഇതുകൂടി നിർത്തുന്നത് നാലു ലക്ഷം ഫലസ്തീനികളെ മഹാദുരിതത്തിലാക്കിയിട്ടുണ്ട്.
ഒരു വർഷം പിന്നിട്ട് തുടരുന്ന വംശഹത്യയെ സഹായിച്ച് ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് യു.എസാണ്. യുദ്ധവിമാനങ്ങൾ, ബോംബുകൾ, മിസൈലുകൾ, ഷെല്ലുകൾ എന്നിവയിലേറെയും യു.എസ് എത്തിച്ചുനൽകുന്നതാണ്. ഈ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ തുടരുന്ന അധിനിവേശം 17 ലക്ഷം ഫലസ്തീനികളെയാണ് ഒട്ടും സൗകര്യങ്ങളില്ലാത്ത അൽമവാസി അഭയാർഥി ക്യാമ്പിനുള്ളിൽ നരകിച്ചുകഴിയാൻ നിർബന്ധിതരാക്കിയത്. അടിയന്തരമായി പ്രതിദിനം 350 ലോറി സഹായമെത്തിക്കാൻ അനുവദിക്കണമെന്നാണ് യു.എസ് ആവശ്യം. വടക്കൻ ഗസ്സയിൽ തുടരുന്ന ഒറ്റപ്പെടുത്തൽ അവസാനിപ്പിക്കണമെന്നും കത്ത് നിർദേശിക്കുന്നു.
കത്തിനു പിന്നാലെ വടക്കൻ ഗസ്സയിലേക്ക് സഹായ ട്രക്കുകൾ കടത്തിവിട്ടതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ചക്കിടെ ആദ്യമായാണ് അതിർത്തി കടക്കാൻ ട്രക്കുകൾക്ക് അനുമതി ലഭിച്ചത്. കറം അബൂസാലിം, എറസ് ക്രോസിങ്ങുകൾ വഴി 145 സഹായ ട്രക്കുകൾ വടക്കൻ ഗസ്സയിൽ എത്തിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.