പാരിസ്: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് വകഭേദം ഫ്രാൻസിലും ലബനാനിലും എത്തി. ബ്രിട്ടനിൽനിന്നും ഇരു രാജ്യങ്ങളിലും എത്തിയ യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇരു രാജ്യങ്ങളിലെയും ആരോഗ്യ വിഭാഗം ഇതു സ്ഥിരീകരിച്ചു.
ലണ്ടനിൽനിന്ന് ഡിസംബർ 19ന് ഫ്രാൻസിലെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹം സെൻട്രൽ ടൂർ നഗരത്തിലെ വീട്ടിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. മുൻകരുതൽ നടപടി കൈക്കൊള്ളണമെന്ന് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത വിമാനത്തിലെ എല്ലാ യാത്രക്കാരോടും രാജ്യം അഭ്യർഥിച്ചു.
മറ്റു ചിലരിലും സമാന വകഭേദം കണ്ടെത്തിയിട്ടുണ്ട്. റോമിലെ ഒരു രോഗിയിലും ഇറ്റാലിയൻ അധികൃതർ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ജപ്പാനിൽ അഞ്ച് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. ഇവരും ലണ്ടനിൽനിന്നും എത്തിയവരാണ്. ഡെൻമാർകിൽ ഒമ്പത് കേസുകളും നെതർലൻഡ്സിലും ആസ്ട്രേലിയയിലും ഓരോ കേസുകളും കണ്ടെത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിൽ കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തുകയും പുതിയ വേരിയൻറ് 70 ശതമാനം വരെ പകരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ 50ൽ അധികം രാജ്യങ്ങൾ ബ്രിട്ടനിൽനിന്നുള്ള യാത്ര നിരോധിച്ചു.
ബ്രിട്ടനിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരും പ്രവേശനത്തിനായി കോവിഡ് നെഗറ്റീവ് പരിശോധന ഫലം കാണിക്കണമെന്ന് അമേരിക്ക വ്യാഴാഴ്ച വ്യക്തമാക്കി. അതേസമയം, ബ്രിട്ടനിൽനിന്നുള്ള എല്ലാ വിമാനങ്ങളും ചൈന താൽക്കാലികമായി നിർത്തിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.