ജർമൻ വികസന മന്ത്രി സ്വെന്യ ഷൂൾസ, വിദേശകാര്യമന്ത്രി അനലീന ബെയർബോക്ക് 

ഫലസ്തീന് സഹായം നൽകുന്നത് പുനസ്ഥാപിക്കുമെന്ന് ജർമനി

ബർലിൻ: ഫലസ്തീന്റെ ജീവനാഡിയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നൽകുന്നത് പുനസ്ഥാപിക്കുമെന്ന് ജർമനി. ഇസ്രായേൽ നടത്തിയ വ്യാജപ്രചാരണത്തെ തുടർന്ന് ജർമനി അടക്കമുള്ള 15 രാജ്യങ്ങൾ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തിവെച്ചിരുന്നു. എന്നാൽ, ആരോപണം കള്ളമാ​ണെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ ജർമനി തീരുമാനിച്ചത്. സാമ്പത്തിക സഹകരണം ഉടൻ ആരംഭിക്കു​മെന്ന് ജർമൻ വികസന മന്ത്രി സ്വെന്യ ഷൂൾസയും വിദേശകാര്യമന്ത്രി അനലീന ബെയർബോക്കും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70​ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറുമാസമായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് ഏക ആശ്രയമാണ് 1948ൽ സ്ഥാപിതമായ ഈ ഏജൻസി. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരു​ടെ സേവനപ്രവർത്തനം.

എന്നാൽ, യു.എൻ.ആർ.ഡബ്ല്യു.എയെ നിർവീര്യമാക്കി ഗസ്സക്കാ​രെ പട്ടിണിക്കിട്ട് കൊല്ലുക എന്ന ലക്ഷ്യത്തോടെ ജനുവരി അവസാന വാരം ഇസ്രായേൽ ഇവർക്കെതി​രെ ആസൂത്രിത വ്യാജാരോപണവുമായി രംഗത്തെത്തി. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാർ ഹമാസിൽ പ്രവർത്തിക്കുന്നതായും ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, കാതറിൻ കൊളോണ നടത്തിയ അന്വേണത്തിൽ ഈ ആരോപണങ്ങൾ മുഴുവൻ പച്ചക്കള്ളമാ​ണെന്ന് വ്യക്തമായി. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നൽകാൻ ഇസ്രായേലിനോട് കൊളോണ ആവ​ശ്യപ്പെ​ട്ടെങ്കിലും ഒന്നും ഹാജരാക്കിയില്ല.

ഏജൻസിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് തിങ്കളാഴ്ച കൊളോണ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണ​മെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടറസും യൂറോപ്യൻ യൂനിയൻ ക്രൈസിസ് മാനേജ്മെൻറ് കമീഷണർ യാനെസ് ലെനാർച്ചിച്ചും അഭ്യർഥിച്ചിരുന്നു. ഇതേതുടർന്നാണ് ആസ്‌ട്രേലിയ, കാനഡ, സ്വീഡൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുപിന്നാലെ ജർമനിയും യുഎൻആർഡബ്ല്യുഎയുമായുള്ള സഹകരണം പുനരാംരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

Tags:    
News Summary - Germany to resume cooperation with Palestinian UNRWA agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.