വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കടുത്തു. യു.എസ് പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്ന് കമല ഹാരിസ് ആരോപിച്ചു. അഡോൾഫ് ഹിറ്റ്ലറിനുണ്ടായിരുന്ന പോലെയുള്ള സൈനിക മേധാവികളെയാണ് തനിക്ക് വേണ്ടതെന്ന് പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് പറഞ്ഞിരുന്നതായാണ് അദ്ദേഹത്തിന്റെ മുൻ സൈനിക ജനറൽ ജോൺ കെല്ലി വെളിപ്പെടുത്തിയത്. യു.എസിന്റെ ഭരണഘടനയോട് കൂറുള്ള സൈന്യത്തെയല്ല, മറിച്ച് തന്നോട് കൂറുള്ള സൈന്യത്തെയാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
അതേസമയം, കമലയുടെ വിമർശത്തിനെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. അവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് ഭീഷണിയാണ് കമല. അവർ യു.എസ് പ്രസിഡന്റാകാൻ യോഗ്യയല്ലെന്നാണ് പൊതുജനാഭിപ്രായം സൂചിപ്പിക്കുന്നതെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതിനിടെ, ജന്മനാടായ കാലിഫോർണിയയിൽ കമല ഹാരിസിനെ പിന്തുണക്കാൻ ലോസ് ആഞ്ജലസ് പത്രത്തിന്റെ ഉടമ വിസമ്മതിച്ചതിനെതുടർന്ന് എഡിറ്റർ രാജിവെച്ചു. എഡിറ്റോറിയൽ വിഭാഗത്തിന്റെ എഡിറ്ററായ മേരിയൽ ഗാർസയാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.