വാഷിങ്ടൺ: അഞ്ചുമാസത്തോളം നീണ്ട സമരം അവസാനിപ്പിച്ച് ഹോളിവുഡിലെ തിരക്കഥാകൃത്തുക്കൾ. നിയന്ത്രണങ്ങൾ പിൻവലിക്കാനും സമരം അവസാനിപ്പിക്കാനും യൂനിയൻ നേതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചതായി റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യു.ജി.എ) പ്രസ്താവനയിൽ അറിയിച്ചു. വേതന വർധനയും നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽനിന്നുള്ള സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന മൂന്നുവർഷത്തെ കരാർ അംഗീകരിക്കണോയെന്ന് സംഘടനയിലെ 11,500 അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.
മേയ് രണ്ടിനാണ് എഴുത്തുകാരുടെ സമരം ആരംഭിച്ചത്. ജൂലൈ 13ന് താരങ്ങളുടെ സംഘടനയായ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡും (എസ്.എ.ജി) സമരത്തിൽ പങ്കുചേർന്നു. ദശാബ്ദങ്ങൾക്കിടെ ഹോളിവുഡിലുണ്ടാകുന്ന ഏറ്റവും നീണ്ട സമരമായിരുന്നു ഇത്. ശമ്പള വർധന, നിർമിത ബുദ്ധിയുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാർ സമരം ആരംഭിച്ചത്. സമരംമൂലം അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് 500 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധൻ കെവിൻ ക്ലൗഡൻ പറഞ്ഞു. അമേരിക്കയിലെ പ്രമുഖ ടി.വി ഷോകളായ ബില്യൺസ്, ദി ഹാൻഡ്മെയ്ഡ്സ് ടെയിൽ, ഹാക്ക്സ്, സെവറൻസ്, യെല്ലോജാക്കറ്റ്സ്, ദി ലാസ്റ്റ് ഓഫ് അസ്, സ്ട്രേഞ്ചർ തിങ്സ്, ആബട്ട് എലമെന്ററി എന്നിവ നിർത്തിവെക്കേണ്ടിവന്നു. നിരവധി ടോക് ഷോകളും നിർത്തിവെച്ചു. അതേസമയം, താരങ്ങളുടെ സംഘടന സമരം പിൻവലിക്കാത്തതിനാൽ ഹോളിവുഡ് സാധാരണ നിലയിലേക്കെത്താൻ ഇനിയും സമയമെടുക്കും. വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം, ആരോഗ്യ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് താരങ്ങളും സമര രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.