കൊളംബോ: ആഭ്യന്തരയുദ്ധകാലത്ത് പോലും അനുഭവിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ഭക്ഷണസാധനങ്ങളുടെ വിലകുതിച്ചുയർന്നതും ഇന്ധന ക്ഷാമവും അവശ്യമരുന്നുകൾ പോലും കിട്ടാക്കനിയായതും ജനങ്ങളുടെ ജീവിതം അസഹനീയമാക്കി. അയൽരാജ്യങ്ങൾ ശ്രീലങ്കൻ സർക്കാറിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് പറയുമ്പോൾ അവശ്യസാധനങ്ങൾക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ.
ഊര്‍ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പത്ത് മണിക്കൂര്‍ പവര്‍കട്ടിലേക്ക് നീങ്ങുകയാണ് ലങ്ക. ബുധനാഴ്ച മുതലാണ് രാജ്യത്ത് പത്ത് മണിക്കൂര്‍ പവര്‍കട്ട് നടപ്പാക്കുന്നത്. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ മൂലമാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിതരായതെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ഫെബ്രുവരി മുതലേ ശ്രീലങ്കയില്‍ പവര്‍കട്ട് നിലവിലുണ്ടായിരുന്നു. ജലവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉൽപാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാത്തതിനാല്‍ താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടതുമാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയത്. രാജ്യം വലിയ അളവില്‍ ഡീസല്‍ക്ഷാമം നേരിടുന്നുണ്ട്. അതിനാൽ മാര്‍ച്ച് 30, 31 തീയതികളില്‍ ഡീസല്‍ നിറക്കുന്ന കേന്ദ്രങ്ങളില്‍ വരിനില്ക്കരുതെന്ന് അധികൃതർ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മരുന്ന് ക്ഷാമവും ശ്രീലങ്കയില്‍ രൂക്ഷമാണെന്നാണ് റിപ്പോർട്ട്. മധ്യ ശ്രീലങ്കന്‍ നഗരമായ കാണ്ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മരുന്നില്ലാത്തതിനാല്‍ മുടങ്ങിയിരുന്നു. അനസ്തേഷ്യക്കുള്പ്പെടെയുള്ള മരുന്നുകളാണ് തീര്‍ന്നത്. ഇതിന് പിറകെ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു. ക്ഷാമം രൂക്ഷമായ ശ്രീലങ്കക്ക് സഹായവാഗ്ദാനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിങ്കളാഴ്ച കൊളംബോയിലെത്തിയിരുന്നു. പിന്നാലെയാണ് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ഗോപാല്‍ ബാഗ്ലായിയോട് സഹായമെത്തിക്കാന്‍ മന്ത്രി
നിര്‍ദേശിച്ചത്. ''60 വർഷമായി ഞാനിവിടെ കഴിയുന്നു. അപ്പോഴൊന്നും ഇതുപോലൊരു ദുരവസ്ഥ അനുഭവിച്ചിട്ടില്ല. കുടിക്കാൻ വെള്ളമില്ല, കഴിക്കാൻ ഭക്ഷണവും. രാഷ്ട്രീയനേതാക്കൾ സുഖലോലുപരായി കഴിയുമ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാർ യാചകരായി മാറിയിരിക്കയാണ്''-തൊഴിലാളിയായ വടിവുവിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.