കസാൻ (റഷ്യ): ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിെന്റ സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. റഷ്യൻ നഗരമായ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ രണ്ട് ഏഷ്യൻ ശക്തികളുടെ തലവന്മാർ നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തിത്തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരാൻ തീരുമാനമായി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞദിവസം രൂപംനൽകിയ ധാരണക്ക് ഇരു നേതാക്കളും അംഗീകാരം നൽകി.
അതിർത്തിയിൽ സമാധാനം ഉറപ്പുവരുത്താനുള്ള പ്രത്യേക പ്രതിനിധികൾ എത്രയുംവേഗം യോഗം ചേരാൻ ഇന്ത്യയും ചൈനയും സമ്മതിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിലും അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിലും പ്രത്യേക പ്രതിനിധികൾക്ക് നിർണായക പങ്കുവഹിക്കാനുണ്ടെന്ന് ഇരു നേതാക്കളും സൂചിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേക പ്രതിനിധികൾ നേരത്തേതന്നെ കൂടിക്കാഴ്ച നടത്താൻ മോദിയും ഷിയും നിർദേശം നൽകി. പ്രതിനിധികളുടെ അടുത്ത യോഗം ഉചിതമായ തീയതിയിൽ നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്രം മിസ്‌രി കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ സൈനിക പട്രോളിങ് പുനരാരംഭിക്കാനും സൈനിക പിന്മാറ്റത്തിനുമുള്ള കരാർ സ്വാഗതം ചെയ്യുന്നതായി ചർച്ചയുടെ തുടക്കത്തിൽ മോദി പറഞ്ഞു. തർക്കങ്ങൾ അതിർത്തിയിലെ സമാധാനം കെടുത്തുന്നതിന് ഇടയാക്കരുതെന്ന് പറഞ്ഞ മോദി, അടുത്ത വർഷം ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ അധ്യക്ഷ പദവിയിലേക്ക് ചൈനക്ക് ഇന്ത്യയുടെ പൂർണ പിന്തുണയും ഉറപ്പുനൽകി.
ചൈനയും ഇന്ത്യയും അഭിപ്രായ വ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യണമെന്നും സംഭാഷണവും സഹകരണവും വർധിപ്പിക്കണമെന്നും ഷീ ജിൻപിങ് മോദിയോട് പറഞ്ഞു. ഇരുപക്ഷവും തങ്ങളുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും വളർന്നുവരുന്ന മറ്റു സമ്പദ്‌വ്യവസ്ഥകളുടെ വികസനത്തിന് മാതൃകയാവുകയും വേണം. ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ പ്രവണതകൾ ഇരു രാജ്യങ്ങളും ഉൾക്കൊള്ളണമെന്ന് ഷി ജിൻപിങ് പറഞ്ഞതായി കൂടിക്കാഴ്ചക്കുശേഷം ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുന്നത്. 2019 ഒക്ടോബർ 12ന് തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടന്ന രണ്ടാം ഇന്ത്യ-ചൈന ഉച്ചകോടിയിലാണ് ഇതിനു മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.