വാഷിങ്ടൺ: ലബനാനിൽ ഇസ്രായേൽ അധിനിവേശം അതിശക്തമായ തുടരുന്നതിനിടെ മേഖലയിൽ ഉടൻ താൽക്കാലിക വെടിനിർത്തലിന് സാധ്യത. ഇസ്രായേലിൽ നിന്നുള്ള ചാനൽ 12 വെടിനിർത്തൽ ഉണ്ടാവുമെന്ന് റിപ്പോർട്ട് ചെയ്തു. മുതിർന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്കൈ ന്യൂസും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
21 ദിവസത്തേക്ക് വെടിനിർത്തലുണ്ടാവുമെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ മാത്രമായിരിക്കും വെടിനിർത്തൽ. ഗസ്സയിൽ വെടിനിർത്തലുണ്ടാവില്ലെന്നും ഹമാസുമായുള്ള ഇസ്രായേലിന്റെ പോരാട്ടം തുടരുമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇസ്രായേൽ പ്രതിപക്ഷ നേതാവ് ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ധനമന്ത്രി സ്മോട്രിച്ച് വെടിനിർത്തൽ കരാറിനെ എതിർത്ത് രംഗത്തെത്തി. ഹിസ്ബുല്ലയെ പൂർണമായും തകർക്കാതെ വെടിനിർത്തൽ കരാർ യാഥാർഥ്യമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുന്നുണ്ട്.യു.എസിൽ വെച്ച് വെടിനിർത്തലിൽ കൂടുതൽ ചർച്ചകളുണ്ടാവുമെന്നാണ് സൂചന.
ലബനാനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ച് യു.എസിന്റേയും ഫ്രാൻസിന്റേയും നേതൃത്വത്തിൽ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്ത് വന്നിരുന്നു. ഗസ്സയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് ഇരുരാജ്യങ്ങളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ലബനാൻ വിഷയത്തിൽ യു.എൻ അടിയന്തര രക്ഷാസമിതി യോഗം ചേർന്നതിന് ശേഷമാണ് സംയുക്ത പ്രസ്താവന.
2023 ഒക്ടോബർ എട്ട് മുതൽ ലബനാൻ-ഇസ്രായേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേൽ, ലബനാൻ ജനങ്ങൾക്ക് താൽപര്യമില്ല. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. അതിർത്തികളിലുള്ള ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ പറഞ്ഞു.
എല്ലാ വിഭാഗങ്ങളേയും ഞങ്ങൾ വിളിക്കും. ഇസ്രായേൽ, ലബനാൻ സർക്കാറുകളുമായി സംസാരിക്കും. ഉടൻ താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കും. പിന്നീട് നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള മുഴുവൻ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും യു.എസും ഫ്രാൻസും അറിയിച്ചു. ആസ്ട്രേലിയ, കാനഡ, യുറോപ്യൻ യൂണിയൻ, ജർമ്മനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.