ലബനാനിൽ ജനവാസകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഹിസ്ബുല്ല കമാൻഡറെ വധിച്ചു

ബെയ്റൂത്ത്: ലബനാനിലെ ജനവാസകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നത്. നിലവിൽ ദാഹി ലക്ഷ്യമിട്ടാണ് ഇസ്രായേൽ മുന്നേറുന്നത്. ഇതുവരെ ആക്രമണങ്ങളിൽ 700ലേറെ പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതിൽ 50ലേറെ പേർ കുട്ടികളാണ്. 1835 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടെന്ന പേരിൽ ജന​വാസകേന്ദ്രങ്ങൾക്കും ഫ്ലാറ്റ് സമുച്ചയങ്ങൾക്കും നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നിലവിൽ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളോ ആയുധപ്പുരകളോ ഉള്ളതിന് തെളിവുകളൊന്നും നൽകാൻ ഇസ്രായേലിന് ആയിട്ടില്ല.

ഹിസ്ബുല്ലയുടെ കമാൻഡറെ ആക്രമണത്തിൽ വധിച്ചുവെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. മിസൈൽ യൂണിറ്റിന്റെ തലവൻ മുഹമ്മദ് അലി ഇസ്മഈലിനേയാണ് വധിച്ചത്. മിസൈൽ യൂണിറ്റിന്റെ ഉപമേധാവി ഹുസൈൻ അഹമ്മദ് ഇസ്മാഈലിനേയും വധിച്ചുവെന്നും ഇസ്രായേൽ എക്സിലൂടെ അറിയിച്ചു.

ഇസ്രായേലിന് നേരെ നടത്തിയ നിരവധി മിസൈൽ ആ​ക്രമണങ്ങൾക്ക് പിന്നിൽ മുഹമ്മദ് അലി ഇസ്മാഈലാണെന്നും ഇസ്രായേൽ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇരുവരേയും എവിടെ വെച്ചാണ് വധിച്ചതെന്ന് അറിയിച്ചിട്ടില്ല.

Tags:    
News Summary - Israel attacks Lebanon: Deaths mount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.