ധാക്ക: രഹസ്യനിരീക്ഷണത്തിന് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ ബംഗ്ലാദേശ് ഇസ്രായേലിൽനിന്ന് വാങ്ങിയതായി വെളിപ്പെടുത്തൽ. 'അൽജസീറ'യാണ് അന്വേഷണാത്മക റിപ്പോർട്ടിലൂടെ വിവരം പുറത്തുവിട്ടത്. ഒരേസമയം നൂറുകണക്കിനാളുകളുടെ മൊബൈൽ ഫോണുകൾ നിരീക്ഷിക്കാനാകുന്ന ഉപകരണമാണ് പ്രധാനമായും വാങ്ങിയത്. 2018ൽ ബാങ്കോക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടനിലക്കാരൻ വഴിയാണ് ഇടപാട് നടന്നത്.
പുറമെ, ബംഗ്ലാദേശ് ഇൻറലിജൻസ് ഓഫിസർമാരെ ഇസ്രായേലി ഇൻറലിജൻസ് വിദഗ്ധർ പരിശീലിപ്പിക്കുകയും ചെയ്തു. ഹംഗറിയിൽ വെച്ചായിരുന്നു പരിശീലനം. കരാറിന് രഹസ്യസ്വഭാവമാണുള്ളത്. ഉപകരണങ്ങൾ ഹംഗറിയിൽ നിർമിച്ചതാണ് എന്ന രീതിയിലാണ് അധികൃതർ അവതരിപ്പിക്കുന്നത്. പക്ഷേ, ഇടനിലക്കാരൻ ഇത് ഇസ്രായേൽ ഉപകരണമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ബംഗ്ലാദേശ് ജനത ഒരിക്കലും ഇവ ഇസ്രായേലിൽ നിന്നാണെന്ന കാര്യം അറിയരുതെന്ന് കരാറുകാരൻ പറയുന്നു.
ഔദ്യോഗികമായി ബംഗ്ലാദേശിന് ഇസ്രായേലുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങളില്ല. പൗരന്മാരുടെ ഇസ്രായേൽ യാത്രക്കുപോലും വിലക്കുണ്ട്. ഇസ്രായേലിെൻറ ഫലസ്തീൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് ഈ നയം തുടരുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിെൻറ സൈനിക മേധാവിയുടെ കുടുംബത്തിൽപ്പെട്ട മാഫിയയും പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള ബന്ധം സംബന്ധിച്ചും 'അൽജസീറ' റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക മേധാവി അസീസ് അഹ്മദിെൻറ സഹോദരൻ ഹാരിസ് അഹ്മദ് എന്നയാളാണ് സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിൽ പ്രധാന ഇടനിലക്കാരൻ. ഇയാൾ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ്. അഹ്മദ് കുടുംബം ബംഗ്ലാദേശിൽ സമാന്തര ഭരണ- ശിക്ഷ സംവിധാനമായി വളർന്നിരിക്കുകയാണെന്ന് 'അൽജസീറ' ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.