ഗസ്സയിൽ മരണം 700ലേറെ; ആക്രമണം തുടരുമെന്ന് നെതന്യാഹു, വൈദ്യസഹായത്തിന് സാഹചര്യമൊരുക്കണമെന്ന് ഫലസ്തീൻ

ഗസ്സ സിറ്റി: ഗസ്സയിൽ നിലയ്ക്കാതെ തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 പിന്നിട്ടു. ഇതിൽ 140 കുട്ടികളും ഉൾപ്പെടുമെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. യുദ്ധം തുടരുമെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ശത്രുവിന് ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് വിഡിയോ സന്ദേശത്തിൽ പറഞ്ഞു. അതേസമയം, ഗസ്സയിലെ ആശുപത്രികളിലേക്കുള്ള അന്താരാഷ്ട്ര വൈദ്യസഹായം തടയരുതെന്നും വൈദ്യസഹായത്തിനായി സുരക്ഷിത ഇടനാഴി ഒരുക്കണമെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. ഇസ്രായേലിൽ ഹമാസിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ 100ലേറെ ഇസ്രായേലികളെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ട്.

ഭ​ക്ഷ​ണം, വെ​ള്ളം, ഇ​ന്ധ​നം, വൈ​ദ്യു​തി എ​ന്നി​വ​യെ​ല്ലാം ത​ട​യു​ന്ന സ​മ്പൂ​ർ​ണ ഉ​പ​രോ​ധ​മാ​ണ് ഗസ്സക്ക് മേൽ ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ചത്. 20 ല​ക്ഷ​ത്തി​ലേ​റെ​യു​ള്ള ജ​ന​ങ്ങ​ളു​ള്ള ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ച സ​മ്പൂ​ർ​ണ ഉ​പ​രോ​ധം കൂ​ടി​യാ​കു​മ്പോ​ൾ ന​ഗ​രം മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും വ​രെ വ​ഴി​യി​ല്ലാ​ത്ത മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാണ് ആ​ശ​ങ്ക. യൂറോപ്യൻ യൂണിയനും സഹായം നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.  

 

എന്നാൽ, ഫലസ്തീൻ ജനതക്ക് സഹായം നിഷേധിക്കരുതെന്ന് സ്പെയിനും ഫ്രാൻസും ആവശ്യപ്പെട്ടു. 'ഹമാസ് യൂറോപ്യൻ യൂനിയന്‍റെ ഭീകരവാദ പട്ടികയിലുള്ള സംഘടനയാണ്. അതിനെയും ഫലസ്തീൻ ജനതയെയും ഫലസ്തീൻ ഭരണകൂടത്തെയും അവിടെ പ്രവർത്തിക്കുന്ന യു.എൻ സംഘടനകളെയും മനസിലാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകരുത്. ഈ സഹകരണം തുടരണം' - സ്പാനിഷ് ആക്ടിങ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബരേസ് പറഞ്ഞു. ഭാവിയിൽ ഫലസ്തീനിൽ കൂടുതൽ സഹായം ആവശ്യമായിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച വൈകീട്ട് യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരും. 

ഫലസ്തീൻ ജനങ്ങൾക്കുള്ള സഹായം നിർത്തിവെക്കുന്നതിന് തങ്ങൾ അനുകൂലമല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം യൂറോപ്യൻ കമീഷന് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധം തുടരുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഹമാസ് ചെയ്തത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് അവർ തിരിച്ചറിയും. അവരും ഇസ്രായേലിന്‍റെ എല്ലാ ശത്രുക്കളും പതിറ്റാണ്ടുകളോളം ഓർത്തുവെക്കുന്ന മറുപടിയാണ് സൈന്യം നൽകുന്നത്. ഹമാസ് ഐ.എസിന് തുല്യമാണ്. ഇസ്രായേൽ അല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ ഇത് അവസാനിപ്പിക്കുക ഇസ്രായേലായിരിക്കും. ഇസ്രായേൽ ഇതിൽ വിജയിക്കുമ്പോൾ ലോകം മുഴുവനാണ് വിജയിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. 

യുദ്ധം പ്രഖ്യാപിച്ച് മൂന്നാംദിനം രാത്രിയും ഗസ്സയിൽ തീമഴ പെയ്യിച്ച ഇസ്രയേൽ സൈന്യം പാർപ്പിട സമുച്ചയങ്ങളുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ളി​ൽ പ​ല​തും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കു​നേ​രെയും വ്യോ​മാ​ക്ര​മ​ണ​മുണ്ടായി. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന നെതന്യാഹുവിന്‍റെ പ്രസ്താവന നടപ്പാക്കുക ലക്ഷ്യമിട്ടുള്ള ആക്രമണമാണ് സൈന്യം നടപ്പാക്കുന്നത്.

 

ഗസ്സ അതിർത്തികൾ മുഴുവനും തങ്ങളുടെ നിയന്ത്രണത്തിലായതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. അതിർത്തിവേലികൾ തകർത്ത് ഹമാസ് പോരാളികൾ ഇസ്രായേലിനകത്ത് പ്രവേശിച്ച മേഖലകളെല്ലാം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ലക്ഷത്തിലേറെ സൈനികരെയാണ് ഗസ്സ അതിർത്തിയിൽ വിന്യസിച്ചത്. കരയുദ്ധത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സേവനത്തിലുള്ള തങ്ങളുടെ സൈനികരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ഇസ്രായേൽ ആരംഭിച്ചു. ഇതിനായി വിമാനങ്ങൾ അയച്ചുകഴിഞ്ഞു. 

Tags:    
News Summary - Israel-Hamas war live: Appeals for ‘safe corridor’; Gaza toll goes past 700

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.