ജറൂസലം/ഗസ്സ: ഫലസ്തീൻ പോരാട്ടത്തിലെ നിർണായകമായ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് സാക്ഷ്യംവഹിച്ച് ഫലസ്തീൻ-ഇസ്രായേൽ ‘യുദ്ധം’. ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 740 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണം 150 കടന്നതായും റിപ്പോർട്ടുണ്ട്. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 200ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്. അറബ് രാഷ്ട്രങ്ങളുടെ ‘ആറുനാൾ അധിനിവേശ രാജ്യവിരുദ്ധ യുദ്ധ’ത്തിന്റെ 50ാം വാർഷികത്തിൽ ‘അൽ അഖ്സ ഫ്ലഡ്’എന്ന പേരിട്ട് ശനിയാഴ്ച രാവിലെ 6.30 മുതൽ ആരംഭിച്ച ആക്രമണത്തിൽ ഗസ്സയിൽനിന്ന് രണ്ടായിരത്തിലേറെ റോക്കറ്റുകൾ ഇസ്രായേൽ പ്രദേശങ്ങളിൽ പതിച്ചു.
ഇസ്രായേലിൽ ദേശീയ അവധി ദിവസമായിരുന്ന ശനിയാഴ്ച കൂറ്റൻ വേലികൾ തകർത്തും പാരാമോട്ടോർ ഗ്ലൈഡർ വഴി ആകാശത്തുകൂടിയും ബോട്ടുകളുമായി കടലിലൂടെയും ഇസ്രായേൽ പ്രദേശങ്ങളിലേക്ക് ഇരച്ചെത്തിയ ഹമാസ് പോരാളികൾ തെരുവുകളിലൂടെ വെടിയുതിർത്തു നീങ്ങുന്ന നിരവധി വിഡിയോകൾ പുറത്തുവന്നു. പത്തിലേറെ പ്രദേശങ്ങളിൽ ഹമാസ് പോരാളികൾ നുഴഞ്ഞുകയറി ആക്രമണം നടത്തി. ഇസ്രായേൽ സൈന്യത്തിന്റെ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുത്ത ഹമാസ് സംഘം നിരവധി ഇസ്രായേൽ സൈനികരെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോയി. ഇസ്രായേൽ കമാൻഡർമാരെ തങ്ങൾ ബന്ദികളാക്കിയതായി ഹമാസ് അവകാശപ്പെട്ടു.
മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ ഡസൻ കണക്കിന് യുദ്ധവിമാനങ്ങളുമായി ഗസ്സക്കു നേരെ ‘ഇരുമ്പുവാൾ’ (സ്വോഡ് ഓഫ് അയൺ) ഓപറേഷൻ എന്ന കനത്ത പ്രത്യാക്രമണത്തിനു തുടക്കമിട്ടു. 17 സൈനിക കേന്ദ്രങ്ങളും നാല് ആസ്ഥാനമന്ദിരങ്ങളും ഉന്നംവെച്ച ഇസ്രായേൽ ഗസ്സ സിറ്റിയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തി. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ട് ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഏറ്റവും വലിയ ആക്രമണമുണ്ടായേക്കും എന്ന ആശങ്കയിൽ ഗസ്സക്കാർ മുൻകരുതലെടുക്കുന്നതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒന്നര ദശകത്തിലേറെയായി ഉപരോധത്തിൽ വലയുന്ന ഫലസ്തീനികളുടെ വിഷയത്തിൽ ലോകരാഷ്ട്രങ്ങൾ നിഷ്ക്രിയത തുടരുകയാണെന്നും ഇസ്രായേൽ സൈന്യത്തിനൊപ്പം കടന്നുകയറ്റക്കാരുടെയും നേരിട്ടുള്ള ആക്രമണങ്ങൾ രൂക്ഷമാവുകയാണെന്നും ഹമാസ് അടക്കമുള്ള സംഘടനകൾ ആരോപണമുന്നയിച്ചുവരുന്നതിനിടെയാണ്, പശ്ചിമേഷ്യൻ രാഷ്ട്രീയഗതിയെ മാറ്റിമറിച്ചേക്കാവുന്ന സംഭവവികാസങ്ങൾക്ക് ശനിയാഴ്ച സാക്ഷ്യംവഹിച്ചത്.
ശത്രു വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അൽ അഖ്സ മസ്ജിദിനു നേരെ ഇസ്രായേലി ആക്രമണം തുടരുകയാണെന്നും ശത്രുവിന്റെ അതിക്രമത്തെ വെറുതെ നോക്കിനിൽക്കുന്ന കാലം അവസാനിച്ചുവെന്നും ഗസ്സയിലെ ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ദൈഫ് പ്രസ്താവിച്ചു. സ്വയരക്ഷക്ക് ഇസ്രായേലിന് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യൂറോപ്യൻ യൂനിയൻ മേധാവി ഉർസുല വോണ്ടർ ലിയൻ എന്നിവർ അഭിപ്രായപ്പെട്ടു.
ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് ഈജിപ്തും തുർക്കിയയും ആവശ്യപ്പെട്ടു. ഏറെ വർഷങ്ങൾക്കുശേഷം ഇസ്രായേലിനു കനത്ത തിരിച്ചടി നൽകിയതിന് ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈ ഫലസ്തീനെ അഭിനന്ദിച്ചു. പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകുന്നതായി ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദും ലബനാനിലെ ഹിസ്ബുല്ലയും വ്യക്തമാക്കി.
ഗസ്സക്ക് സമീപം 22 സ്ഥലങ്ങളിൽ പോരാട്ടം തുടരുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈനികരും കമാൻഡർമാരും കൊല്ലപ്പെടുകയും അക്രമികളെ പിടികൂടുകയും ചെയ്തിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ആഹ്വാനം ചെയ്ത് കുവൈത്ത്. വിഷയത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ, അന്താരാഷ്ട്ര സമൂഹം എന്നിവയോട് ആഹ്വാനം ചെയ്യുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ന്യൂഡൽഹി: ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കുള്ള ശനിയാഴ്ചത്തെ എയർ ഇന്ത്യവിമാനം റദ്ദാക്കി. തിരിച്ചുള്ള വിമാനവും റദ്ദാക്കി. ആഴ്ചയിൽ അഞ്ചു വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് സർവിസ് നടത്തുന്നത്.
ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു. അധികൃതർ നൽകുന്ന സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷ ഷെൽട്ടറുകൾക്ക് സമീപം തന്നെ നിലകൊളളണമെന്നും നിർദേശത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും വെബ്സൈറ്റുകളും പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് നിർദേശങ്ങൾ നൽകിയത്. 18,000 ഓളം ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്.
ഇസ്രായേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു.
ദുബൈ: ഇസ്രായേലും ഫലസ്തീനും തമ്മിലെ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് യു.എ.ഇ. നിലവിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ മന്ത്രാലയം സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും പരമാവധി നിയന്ത്രണം പാലിക്കുകയും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സംഘർഷത്തിൽ നടുക്കം രേഖപ്പെടുത്തി ഖത്തർ. മേഖലയിലെ സംഘര്ഷത്തിന് കാരണം ഇസ്രായേലാണെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം ഉടന് ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും വ്യക്തമാക്കി.
ജിദ്ദ: ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഫലസ്തീനും ഇസ്രായേലി അധിനിവേശസേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മസ്കത്ത്: ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു പാർട്ടികളും സംയമനത്തോടെ പ്രവർത്തിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.