ലബനാനിൽ കരയാക്രമണത്തിന് തയാറെടുക്കുന്നുവെന്ന് ഇസ്രായേൽ സൈനിക മേധാവി

തെൽ അവീവ്: ലബനാനിൽ കരയാക്രമണത്തിന് തയാറെടുക്കുന്നുവെന്ന് ഇസ്രായേൽ സൈനിക മേധാവി. ​ലബനാനിൽ നടക്കുന്ന ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദമേറുന്നതിനിടെയാണ് കരയാക്രമണത്തിന് കൂടി രാജ്യം തയാറെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ലബനാനിലെ ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇസ്രായേൽ സൈനിക മേധാവി ​ഹെർസി ഹാലേവിയുടെ പ്രതികരണം.

വ്യോമാക്രമണം ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് കൂടി തയാറാവണമെന്ന് സൈനികരോട് ഹാലേവി ആവശ്യപ്പെട്ടു. നിങ്ങളുടെ ബൂട്ടുകൾ ശത്രുവിന്റെ ഭൂപ്രദേശത്തിലേക്ക് കടക്കാനുള്ള സമയമായിരിക്കുന്നു. ഹിസ്ബുല്ല നിയന്ത്രിക്കുന്ന ഗ്രാമങ്ങളിലേക്ക് പോയി, നമുക്കെതിരെ ആക്രമണം നടത്താൻ ഉപയോഗിക്കുന്ന സ്ഥലങ്ങൾ നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ കരയാക്രമണം ആവശ്യമായി തോന്നുന്നില്ലെന്ന് പെന്റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു.

ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരിക്കേറ്റെന്നും ലബനാൽ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 569 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെൽ അവീവിലേക്ക് ഹിസ്ബുല്ല മിസൈൽ തൊടുത്തു.

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത ‘ഖദർ 1’ മിസൈൽ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായാണ് ലബനാനിൽനിന്ന് തൊടുത്ത മിസൈൽ ഇസ്രായേൽ തലസ്ഥാനത്തെത്തുന്നത്. ഇതിനു പുറമെ, 40 ഓളം ചെറു മിസൈലുകളും ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചു. സിറിയൻ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണവുമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു.

Tags:    
News Summary - Israel preparing for possible ground offensive in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.