ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ; ഫലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശം

ഗസ്സ സിറ്റി: ഗസ്സയിൽ കനത്ത വ്യോമാക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹമാസിനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതിനായി ഇസ്രായേൽ സൈന്യം ഗസ്സ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് വീടുകളിൽ നിന്ന് പലായനം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗസ്സ ഇസ്രായേൽ പിടിച്ചെടുക്കുമെന്നും ഭീതിയുണ്ട്. ഹമാസിന്റെ മിന്നലാക്രമണത്തെ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കര,വ്യോമ ആക്രമണങ്ങളടക്കം സാധ്യമായ എല്ലാ വഴികളിലൂടെയും ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്യാനാണ് ഇസ്രായേലിന്റെ നീക്കം.

'നഷ്ടപ്പെട്ട ജീവനുകൾക്ക് ഞങ്ങൾ പകരം വീട്ടും. ഗസ്സയെ ഒരു വിജന ദ്വീപാക്കി മാറ്റും'- എന്നാണ് ഇസ്രായേലിന്റെ ഭീഷണി. പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്ന അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തിൽ ഇ​സ്രായേലിൽ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയിൽ 230 പേരുടെ ജീവൻ പൊലിഞ്ഞു. 1500ലേറെ ആളുകൾക്ക് പരിക്കുണ്ട്.

50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. പതിറ്റാണ്ടുകളായി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും മസ്ജിദുൽ അഖ്സക്കു നേരെയുള്ള കൈയേറ്റ ശ്രമങ്ങൾക്കും മറുപടിയായാണ് മിന്നലാക്രമണം നടത്തിയതെന്ന് ഹമാസ് ​വ്യക്തമാക്കിയിരുന്നു.

തിരിച്ചടികളില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ശത്രുക്കൾ മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ദീഫ് ഇതെ കുറിച്ച് വിശദീകരണം നൽകിയത്. ഗസ്സയിൽ നിന്ന് തുടങ്ങിയ ആക്രമണം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും ജറൂസലമിലേക്കും വ്യാപിപ്പിക്കുമെന്നും ഹമാസ് നേതാക്കൾ വ്യക്തമാക്കി. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.

Tags:    
News Summary - Israel warns Gaza residents to flee homes ahead of revenge attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.