തെൽഅവീവ്: ഒരു ഇസ്രായേലി തന്നെ ചിലപ്പോൾ നെതന്യാഹുവിനെ കൊലപ്പെടുത്തിയേക്കാം എന്ന ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിമിന്റെ പ്രസ്താവനക്ക് പിന്നാലെ, ഇസ്രായേലിനെ ആശങ്കയിലാക്കി സ്വന്തം പൗരൻമാർ ഉൾപ്പെട്ട ചാരവൃത്തികൾ വർധിക്കുന്നു. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതായി ആരോപിച്ച് നിരവധി കേസുകളാണ് അടുത്തിടെ രാജ്യത്ത് പിടികൂടിയത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ദമ്പതികൾ അടക്കം മൂന്നുപേർ അറസ്റ്റിലായത്.
ഇസ്രായേലി ആണവശാസ്ത്രജ്ഞനെ കൊല്ലാൻ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തത്. ഇറാനിയൻ ഭരണകൂടത്തിന് വേണ്ടി ഇസ്രായേലി ആണവ ശാസ്ത്രജ്ഞന്റെ നീക്കങ്ങൾ പിന്തുടർന്നുവെന്നാണ് ബെനി ബ്രാക്ക് സ്വദേശിയായ ആഷർ ബിന്യാമിൻ വെയ്‌സിനെതിരെ ചുമത്തിയ കുറ്റം. വിദേശ ഏജൻ്റുമായി സമ്പർക്കം പുലർത്തുക, ശത്രുവിന് വിവരങ്ങൾ കൈമാറുക തുടങ്ങിയ കുറ്റങ്ങൾ വെയ്‌സിനെതിരെ ചുമത്തിയിട്ടുണ്ട്.
ഗോപ്രോ കാമറ ഉപയോഗിച്ച് വീടും കാറും വിഡിയോ റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞനെ വധിക്കാൻ ചുമതലപ്പെടുത്തിയ കിഴക്കൻ ജറൂസലമിൽ നിന്നുള്ള യുവാവിന് കൈമാറിയതായി ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസി ആരോപിക്കുന്നു.
അതിനിടെ, ഇറാന് വേണ്ടി ഇസ്രായേലിലെ ഉന്നതരെ കൊല്ലാൻ രാജ്യത്തിനകത്തുനിന്ന് വാടകക്കൊലയാളികളെ കണ്ടെത്താൻ നീക്കം നടത്തുന്നു എന്നാരോപിച്ച് ഇസ്രായേലി പൗരന്മാരായ ദമ്പതികളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളായ റാഫേലും ലാല ഗുലിയേവും ആണ് അറസ്റ്റിലായത്. ഇസ്രായേലികളെ ചാരവൃത്തിക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന ഇറാനിയൻ സംഘത്തിന്റെ ഭാഗമായാണ് 32 വയസ്സുകാരായ ഇരുവരും പ്രവർത്തിച്ചിരുന്നതെന്ന് ഷിൻ ബെറ്റും പൊലീസും പറയുന്നു. അസർബൈജാനി വംശജനായ ഒരു ഇസ്രായേലിയാണ് ഇവരെ സംഘത്തിൽ ചേർത്തതത്രെ.
റാഫേൽ ഗുലിയേവ് ഇസ്രായേലിലെ മൊസാദിന്റെ ആസ്ഥാനം ഉൾപ്പെടെയുള്ള സുരക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുകയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ (ഐഎൻഎസ്എസ്) ഉദേയാഗസ്ഥന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതിനാലാവാം അതിജീവിച്ചതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം ഇന്നലെ പറഞ്ഞിരുന്നു. ‘ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോൾ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്’ -ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏതാനും ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു നഈം ഖാസിമിന്റെ പ്രസംഗം.
“നമ്മുടെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും നമ്മെ പിന്തിരിപ്പിക്കില്ലെന്ന് ശത്രു മനസ്സിലാക്കണം. നമ്മുടെ പ്രതിരോധം ശക്തമാണ്. നെതന്യാഹുവിന്റെ കിടപ്പുമുറിയിലേക്ക് ഡ്രോൺ അയക്കാൻ വരെ നമുക്ക് കഴിഞ്ഞു. ഞങ്ങൾ നെതന്യാഹുവിനെ ലക്ഷ്യമിടുന്നു എന്നത് അയാളെ ഏറെ ഭീതിയിലാക്കിയതായി നമ്മുടെ നയതന്ത്ര കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അയാളുടെ സമയമെത്താത്തതിനാലാവാം ഇത്തവണ അയാൾ അതിജീവിച്ചത്. എന്നാൽ, ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോൾ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്’ -എന്നായിരുന്നു നഈം ഖാസിമിന്റെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.