ജറൂസലം: അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സ വളപ്പിൽ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 ഫലസ്തീനികൾക്ക് പരിക്കേറ്റു. റമദാനോടനുബന്ധിച്ച് ആയിരങ്ങൾ മസ്ജിദിലേക്ക് പ്രഭാത പ്രാർഥനക്ക് എത്തിയ സമയത്താണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സൈന്യം ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ പള്ളിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫലസ്തീനികൾ പൊലീസിനു നേർക്ക് കല്ലെറിയുന്നതിന്റെയും പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിക്കുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകൾക്കുശേഷം പ്രതികളെന്നു സംശയിക്കുന്ന നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു. പള്ളി തുറന്നതായും ജുമുഅ പതിവുപോലെ നടന്നതായും പറഞ്ഞു. ജുമുഅയിൽ 60,000 പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. മസ്ജിദിൽ സമാധാനപരമായി പ്രാർഥന ഉറപ്പുവരുത്താൻ മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയിരുന്നതായും പൊലീസിനു നേരെ ഫലസ്തീൻ യുവാക്കൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ഇസ്രായേൽ അധികൃതർ ആരോപിച്ചു. ഒരു വർഷത്തിനിടെ അഖ്സയിൽ നടക്കുന്ന വലിയ ആക്രമണമാണിത്. ഇസ്രായേൽ സൈനിക നടപടിക്കെതിരെ ജോർഡനും ഈജിപ്തും രംഗത്തുവന്നു.
ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേൾഡ് ലീഗും അറബ് പാർലമെൻറും
അൽഅഖ്‌സ പള്ളിയിൽ ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ സൗദി അറേബ്യയും മുസ്ലിം വേൾഡ് ലീഗും അറബ് പാർലമെൻറും ശക്തമായി അപലപിച്ചു. അൽഅഖ്‌സ പള്ളിയുടെ പവിത്രതക്കും ഇസ്‌ലാമിക സമൂഹത്തിൽ പള്ളിക്കുള്ള സ്ഥാനത്തിനുമേലുള്ള നഗ്നമായ ആക്രമണവും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ഉടമ്പടികളുടെയും ലംഘനവുമാണിതെന്നും സൗദി കുറ്റപ്പെടുത്തി.
ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും പുണ്യസ്ഥലങ്ങൾക്കും മേലുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെയും ലംഘനങ്ങളുടെയും അനന്തരഫലങ്ങൾക്ക് ഇസ്രായേൽ അധിനിവേശ സേനയെ പൂർണ ഉത്തരവാദികളാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്കുവഹിക്കണം. മധ്യപൗരസ്ത്യ മേഖലയിലെ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
മുസ്ലിം വേൾഡ് ലീഗും (റാബിത്വ) അറബ് പാർലമെൻറും സംഭവത്തിൽ അപലപിച്ചു. ഇസ്ലാമിക പവിത്രതയെയും വിശ്വാസികളുടെ സുരക്ഷിതത്വത്തെയും സമാധാനത്തെയും ബാധിക്കുന്ന അപകടകരമായ അതിക്രമത്തെ മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിനും ജനറൽ കൗൺസിലിനുംവേണ്ടി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ അപലപിച്ചു. അതിക്രമത്തെ അപലപിച്ച അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി, പള്ളിയുടെ പവിത്രത ലംഘിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.