ദീപാവലി ആശംസക്കൊപ്പം 'സാൽ മുബാറക്' ചേർത്ത് ബൈഡൻ; കാര്യമറിയാതെ വിമർശന പ്രവാഹം

ന്യൂഡൽഹി: ട്വിറ്ററിലൂടെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസിച്ച് വെട്ടിലായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ദീപാവലി ആശംസക്കൊപ്പം 'സാൽ മുബാറക്' എന്നുകൂടി ചേർത്തതാണ് ചില ഇന്ത്യക്കാരെ ചൊടിപ്പിച്ചത്.

"ഹിന്ദുക്കളും ജൈനമതക്കാരും സിഖുകാരും ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിനു പേർ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഞാൻ നിങ്ങൾക്ക് ദീപാവലി ആശംസ നേരുന്നു. നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാൽ മുബാറക് " - എന്നായിരുന്നു ബൈഡൻ്റെ ട്വീറ്റ്.

ദീപാവലി ആശംസ ക്കൊപ്പം ബൈഡൻ 'സാൽ മുബാറക്' എന്നുപയോഗിച്ചതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. 'സാൽ മുബാറക് ' ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തിൽ ആശംസിച്ചത് ശരിയായില്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടിയത്. 'എങ്ങനെ ദീപാവലി ആശംസിക്കണമെന്ന് ട്രംപിനോട് ചോദിക്കൂ' എന്ന് ഉപദേശിച്ചവരുമുണ്ട്.

യഥാർഥത്തിൽ 'സാൽ മുബാറകി'ന് ഇസ്ലാമിക ആഘോഷങ്ങളുമായൊന്നും ബന്ധമില്ല. ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട പ്രയോഗമാണത്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തിൽ പുതുവത്സരം ആഘോഷിക്കുന്നത്. പാഴ്സികളും ഹിന്ദുക്കളും ജൈനമതക്കാരും സിഖുകാരുമെല്ലാം അത് ആഘോഷിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ൽ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഗുജറാത്തിൽനിന്നുള്ള പലരും ബൈഡന്റെ ആശംസയിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. സൊറോസ്ട്രിയൻ മതവിഭാഗക്കാരുടെ പുതുവത്സരമായ നൗറോസ് ആശംസിക്കാൻ ഇന്ത്യയിലും പാകിസ്താനിലുമുള്ള പാഴ്സി വിഭാഗക്കാരും 'സാൽ മുബാറക്' ഉപയോഗിക്കാറുണ്ട്.

Tags:    
News Summary - joe biden diwali wish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.