താൻ പൂർണ്ണ ആരോഗ്യവതി; മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് കമല ഹാരിസ്

വാഷിങ്ടൺ: പ്രസിഡന്റ് പദവി നിർവഹിക്കാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. വൈസ് പ്രസിഡന്റിന്റെ ഫിസഷ്യൻ ​ജോഷ്വാ സിമൺസാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടത്. ഹാരിസിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് രണ്ട് പേജുള്ള മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

സീസണനുസരിച്ച് വരുന്ന അലർജി അവരെ അലട്ടുന്നുണ്ട്. അതിനായി അലർജിക്കുള്ള മരുന്നുകൾ അവർ കഴിക്കാറുണ്ട്. നേസൽ സ്പ്രേയും ഐ ഡ്രോപ്പുമെല്ലാം ഇത്തരത്തിൽ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കമല ഹാരിസ് ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്.

മൂന്ന് വയസുള്ളപ്പോൾ അവർ ഉദര ശസ്ത്രക്രിയക്ക് വിധേയയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ, അർബുദം പോലുള്ള രോഗങ്ങളൊന്നും കമല ഹാരിസിന് ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വഴി ഡോണാൾഡ് ട്രംപിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നതെന്ന് അവരുടെ പ്രചാരണവിഭാഗം അറിയിച്ചിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റുമാരുടെ നിരയിലേക്ക് അദ്ദേഹവും എത്തും.

പ്രസിഡന്റായിരുന്ന സമയത്ത് ഡോണാൾഡ് ട്രംപ് ഒരിക്കലും മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. വിശദമായ റിപ്പോർട്ടുകൾ പുറത്ത് വിടാതെ ട്രംപ് പൂർണ ആരോഗ്യവാനാണെന്നും പ്രസിഡന്റാവുന്നതിന് തടസമില്ലെന്നും പറയുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. നിലവിൽ കമലഹാരിസിനേക്കാൾ പൂർണ്ണ ആരോഗ്യവാനാണ് ഡോണാൾഡ് ട്രംപ് എന്നാണ് അദ്ദേഹത്തിന്റെ  പ്രചാരണവിഭാഗം അറിയിക്കുന്നത്.


Tags:    
News Summary - Kamala Harris releases medical report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.