'മകൾ ട്രാൻസ് വ്യക്തിയായി മാറി; പിതാവെന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം​'-ഹൃദയാർദ്രമായ കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരൻ ഖാലിദ് ഹുസൈനി

കാബൂൾ: കൈറ്റ് റണ്ണർ, എ തൗസന്റ് സ്പ്ലെന്റിഡ് സൺസ് എന്നീ നോവലുകളിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന എഴുത്തുകാരനാണ് ഖാലിദ് ഹുസൈനി. ട്രാൻസ് വ്യക്തിയായി മാറിയ മകളെ കുറിച്ച് അഫ്ഗാൻ-അമേരിക്കൻ നോവലിസ്റ്റായ ഹുസൈനി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ​ട്രാൻസ് വ്യക്തിയായി പരിണമിക്കുന്നത് വരെയുള്ള കറുപ്പിലും വെളുപ്പിലുമുള്ള മകളുടെ വിവിധ ചിത്രങ്ങൾ പങ്കുവെച്ചാണ് 57 കാരനായ എഴുത്തുകാരൻ കുറിപ്പ് പങ്കുവെച്ചത്. സ്നേഹാർദ്രമായ ആ കുറിപ്പ് ഇങ്ങനെ:

''കഴിഞ്ഞ ദിവസം എന്റെ 21 വയസുള്ള മകൾ ഹാരിസ് ട്രാൻസ് വ്യക്തിയായി മാറി. കഴിഞ്ഞ വർഷം വരെ ഹാരിസിന്റെ ജീവിതത്തിലെ എല്ലാ യാത്രകളും എനിക്കറിയാമായിരുന്നു. വളരെ പ്രയാസം നിറഞ്ഞ പല സമയങ്ങളെയും അവള്‍ തരണം ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. ഒരു ട്രാന്‍സ് വ്യക്തിയാകുക എന്നത് വളരെ കഠിനമായ കാര്യമാണ്. എന്നാൽ എല്ലാ വെല്ലുവിളികളും ധൈര്യത്തോടെയും ക്ഷമയോടെയും ബുദ്ധിപരമായും അവൾ നേരിട്ടു. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അവളെക്കുറിച്ച് ഇത്രയേറെ അഭിമാനിച്ച ഒരു നിമിഷമുണ്ടായിട്ടില്ല.


സുന്ദരികളായ രണ്ട് പെണ്‍മക്കളുള്ളതില്‍ ഞാനിന്ന് ഏറെ സന്തോഷിക്കുന്നു. എല്ലാത്തിനേക്കാളുമുപരി താന്‍ ഇതാണെന്നും തന്റെ സ്വത്വത്തെ വെളിപ്പെടുത്താനും ഹാരിസ് കാണിച്ച ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.

എനിക്കവള്‍ ഏറെ പ്രിയപ്പെട്ടതാണ്. അവളുടെ യാത്രയിലെ ഓരോ ചുവടിലും ഞാനും കുടുംബവും ഒപ്പം തന്നെയുണ്ടാകും. ഞങ്ങള്‍ അവള്‍ക്ക് മുമ്പിലല്ല പിറകിലാണ് നില്‍ക്കുന്നത്. സുന്ദരിയായ, ബുദ്ധിമതിയായ, മിടുക്കിയായ സ്ത്രീയായി അവള്‍ ഈ ലോകത്തേക്ക് പ്രവേശിക്കുന്നത് കാണാന്‍ സാധിച്ചത് ഭാഗ്യമാണ്​''- ഹുസൈനി കുറിച്ചു. ഹുസൈനിക്കും ഭാര്യ റോയ ഹുസൈനിയുടെ രണ്ടാമത്തെ മകളുടെ പേര് ഫറ എന്നാണ്. 

Tags:    
News Summary - Khaled Hosseini’s daughter comes out as transgender; author says ‘never been prouder of her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.