കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉയരുന്നു. 49 പേർ മരിച്ചതായാണ് വിവരം. എന്നാൽ, 41 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിഞ്ഞ 30 പേരിൽ 14 പേർ മലയാളികളാണ്. കണ്ണൂർ, തിരൂർ, പെരിന്തൽമണ്ണ സ്വദേശികളുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞത്. മരിച്ചവരിൽ 40 പേരും ഇന്ത്യക്കാരാണ്.
മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും.
കൊല്ലം ഓയൂർ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകൻ ഷമീർ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന് സ്റ്റെഫിൻ എബ്രഹാം സാബു (29), കാസർകോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂർ പിലിക്കോട് എരവിൽ സ്വദേശി തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്‍റെ മകൻ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ നായർ (60), കോന്നി അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകൻ സാജൻ ജോർജ് (29), വെളിച്ചിക്കാല വടകോട് വിളയിൽവീട്ടിൽ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകൻ ലൂക്കോസ് (48), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ച നാലുമണിക്കാണ് മൻഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തിൽ തീപടർന്നത്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.
തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽനിന്നും ചിലർ താഴേക്ക് ചാടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.
കുവൈത്ത് സിറ്റി: തീപിടിത്ത ദുരന്തത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ ആരംഭിച്ചു. നമ്പർ: +965 65505246.
തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന്‍റെ സാഹചര്യത്തിൽ നോര്‍ക്ക റൂട്സ് ഹെല്‍പ് ഡെസ്ക് തുടങ്ങി. നമ്പറുകൾ: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ് +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453,സുഗതൻ - +96 555464554, ജെ. സജി - + 96599122984. പ്രവാസിൾക്ക് ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.