ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകൾ സാധാരണക്കാർ ഉപയോഗിച്ചാൽ പൊലീസ് പിടിക്കാനും രാജ്യദ്രോഹി മുദ്ര ചാർത്തിക്കിട്ടാനും പാകത്തിനുള്ള കുറ്റമാണ്.എന്നാൽ, നിയമം നടപ്പാക്കേണ്ട പൊലീസിന് ഇത് ബാധകമല്ലേ? കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്, നിരോധന ഉത്തരവിറങ്ങി മാസങ്ങൾക്കുശേഷവും ഉപയോഗിച്ചത് നിരോധിത പട്ടികയിൽപെടുന്ന കാം സ്കാനർ ആപ്. നിയമ വിദ്യാർഥി അനികേത് ഗൗരവ് എന്ന നിയമവിദ്യാർഥി ഇത് ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ തുറന്നുസമ്മതിക്കുകയും ചെയ്തു.
വിവിധ വിഷയങ്ങളിൽ വിവരാവകാശ നിയമപ്രകാരം അനികേത് വിവരങ്ങൾ തേടിയിരുന്നു. ഇതിനു മറുപടിയായി ഓൺലൈൻ മുഖേന അയച്ചുകൊടുത്ത രേഖകൾ കാം സ്കാനർ ഉപയോഗിച്ചാണ് സ്കാൻ ചെയ്തിരിക്കുന്നത്. ഇക്കാര്യം ദ ലീഗൽ സ്ക്വാഡ് എന്ന ട്വിറ്റർ ഹാൻഡിലിലൂടെ അനികേത് തന്നെ പുറത്തറിയിക്കുകയായിരുന്നു.
തുടർന്നാണ് ബോധപൂർവമല്ലാതെ ചെയ്തതാണെന്നും തെറ്റുതിരുത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് അധികൃതർ സമ്മതിച്ചത്. നിയന്ത്രണരേഖയിലെ ചൈനീസ് കടന്നുകയറ്റത്തിനു പിന്നാലെ കഴിഞ്ഞ ജൂണിലാണ് ദേശസുരക്ഷ മുൻനിർത്തി വിവിധ ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.