പുതുവർഷത്തിൽ ജനിച്ച ഇരട്ടകളുടെ ജനനസമയം കൗതുകമാകുന്നു. കാലിഫോർണിയയിൽ നിന്നുള്ള ഫാത്തിമ മാഡ്രിഗൽ ആണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 15 മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരട്ടകളുടെ ജനനമെങ്കിലും ഒരാൾ 2021ലും മറ്റൊരാൾ 2022ലുമാണ് പിറന്നുവീണത്. ഇത്തരത്തിൽ ഇരട്ടകൾക്ക് വ്യത്യസ്ത ദിവസത്തിലും മാസത്തിലും വർഷത്തിലും ജന്മദിനം സംഭവിക്കുന്നത് '20 ലക്ഷത്തിൽ ഒരാൾക്കുമാത്രം' സംഭവിക്കുന്ന പ്രത്യേകതയാണെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കുമാണ് ഫാത്തിമ ജന്മം നൽകിയത്. ആൽഫ്രെഡോ പുതുവർഷ രാവിൽ 11:45 ന് ജനിച്ചു. സഹോദരി അയ്ലിൻ 15 മിനിട്ടുകൾക്കുശേഷം 12 മണിക്കാണ് പിറന്നുവീണത്. 'അവർ ഇരട്ടകളാണെന്നതും വ്യത്യസ്തമായ ജന്മദിനങ്ങൾ ഉള്ളവരാണെന്നതും ഏറെ സന്തോഷം നൽകുന്നതാണ്. ഇങ്ങിനെ സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'-ഫാത്തിമ പറഞ്ഞു.
സഹോദരങ്ങൾ ജനിച്ച ആശുപത്രിയായ നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. '2022 ലെ പുതുവർഷത്തിൽ പ്രദേശത്തെ ആദ്യത്തെ കുഞ്ഞായി അയ്ലിൻ ജനിച്ചു. അവളുടെ സഹോദരനായ ആൽഫ്രെഡോ 15 മിനിറ്റ് മുമ്പ് ഡിസംബർ 31 വെള്ളിയാഴ്ച രാത്രി 11:45നും ജനിച്ചു. അതായത് അവരുടെ ജന്മദിനം വ്യത്യസ്ത ദിവസങ്ങളിലാണ്. 'രണ്ട് ദശലക്ഷത്തിൽ ഒരു സാധ്യത'യാണ് ഇതിനുണ്ടായിരുന്നത് -നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ ട്വീറ്റ് ചെയ്തു.
തന്റെ കരിയറിലെ ആദ്യ സംഭവമവണിതെന്ന് പ്രസവ ശുശ്രൂഷക്ക് നേതൃത്വം നൽകിയ ഫാമിലി ഡോക്‌ടർ അന അബ്രിൽ ഏരിയാസ് പറഞ്ഞു. 2021ലും 2022ലുമായി ഈ കുരുന്നുകളെ സുരക്ഷിതമായി ഇവിടെയെത്താൻ സഹായിച്ചതിൽ തികഞ്ഞ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇരട്ടകളുടെ മാതാപിതാക്കളായ ഫാത്തിമ മാഡ്രിഗലിനും റോബർട്ട് ട്രൂജെല്ലോക്കും രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടക്കം മൂന്ന് കുട്ടികൾ കൂടിയുണ്ട്. അമേരിക്കയിൽ പ്രതിവർഷം 1,20,000 ഇരട്ട പ്രസവങ്ങൾ നടക്കുന്നതായാണ് കണക്ക്. എന്നാൽ, വ്യത്യസ്ത ജന്മദിനങ്ങളിലുള്ള ഇരട്ട ജനനങ്ങൾ വിരളമാണ്.
2019 ഡിസംബർ 31ന് സമാനമായ രീതിയിൽ അപൂർവ പ്രസവമുണ്ടായിരുന്നു. അന്ന് ഡോൺ ഗില്ല്യം രാത്രി 11:37 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. രണ്ടാമത്തെ കുട്ടി 2020 ജനുവരി ഒന്നിന് പുലർച്ചെ 12.07 നാണ് ജനിച്ചത്. ഇന്ത്യാനയിലെ കാർമലിലുള്ള അസെൻഷൻ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് അന്ന് ഇരട്ടക്കുട്ടികൾ ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.