ഐസ്വാൾ: മിസോറമിലെ ലെങ്പുയി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ മ്യാൻമർ സൈനിക വിമാനം തകർന്നുവീണ് എട്ടുപേർക്ക് പരിക്കേറ്റു. അപകടത്തിന്റെ ആഘാതത്തിൽ വിമാനം രണ്ടായി വേർപെട്ടു. ചൊവ്വാഴ്ച രാവിലെ 10.20 ഓടെയായിരുന്നു അപകടം.
പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ലെങ്പുയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി മിസോറം ഡി.ജി.പി അനിൽ ശുക്ല അറിയിച്ചു. ഇവിടേക്കുള്ള സർവിസുകൾ വഴിതിരിച്ചുവിട്ടു. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം കുറ്റിക്കാട്ടിൽ പതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിസോറം തലസ്ഥാനമായ ഐസ്വാളിന് 30 കിലോമീറ്റർ അകലെയുള്ള ലെങ്പുയി ആഭ്യന്തര വിമാനത്താവളം, രാജ്യത്തെ അപകടകരമായ ടേബിൾ ടോപ്പ് റൺവേകളിൽ ഒന്നാണ്. അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വംശീയ സംഘർഷത്തെ തുടർന്ന് അതിർത്തി കടന്ന് മിസോറമിലെത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനാണ് വിമാനം എത്തിയത്. കഴിഞ്ഞയാഴ്ച 276 മ്യാൻമർ സൈനികർ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇവരിൽ 184 പേരെ മടക്കി അയച്ചു. ബാക്കിയുള്ളവർ തിരിച്ചുപോകാനായി അസം റൈഫിൾസിന്റെ മേൽനോട്ടത്തിൽ ലെങ്പുയി വിമാനത്താവളത്തിൽ എത്തിയിരുന്നു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സൈനിക ക്യാമ്പുകൾ വിഘടനവാദികളായ അരാക്കൻ ആർമി പിടിച്ചെടുത്തതോടെയാണ് സൈനികർ ഇന്ത്യയിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.