അതിർത്തികൾ വീണ്ടും പുകയുന്നു; ഉത്തരകൊറിയ അതിർത്തി റോഡ് സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയ

സിയോൾ: അതിർത്തിയിലുള്ള ഇന്‍റർ-കൊറിയൻ റോഡുകളുടെയും റെയിൽവേ ലൈനുകളുടെയും ഭാഗങ്ങൾ ഉത്തര കൊറിയ സ്ഫോടനത്തിൽ തകർത്തതായി ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു. റോഡുകളുടെ വടക്കൻ- തെക്ക് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന റെയിൽ പാതകൾ പൊട്ടിത്തെറിച്ചതായി ജോയന്‍റ് ചീഫ് ഓഫ് സ്റ്റാഫ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, സ്ഫോടനങ്ങൾ ദക്ഷിണ കൊറിയൻ അതിർത്തിക്കകത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും അതിൽ പറഞ്ഞു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദക്ഷിണ കൊറിയൻ സൈന്യം സൈനിക അതിർത്തി രേഖയിലേക്ക് മുന്നറിയിപ്പ് വെടിയുതിർത്തു.

കൊറിയൻ റോഡുകളും റെയിൽവേയും പൂർണമായും വിച്ഛേദിക്കുമെന്നും അതിർത്തി പ്രദേശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉത്തര കൊറിയ കഴിഞ്ഞയാഴ്ച പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് സ്‌ഫോടനങ്ങൾ നടന്നത്. വടക്കൻ അതിർത്തിയിൽ തടസ്സങ്ങളും കുഴിബോംബുകളും സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കനത്ത ഉപകരണങ്ങൾ ഉപയോഗിച്ച് അധിക ജോലികൾ ചെയ്യുന്നത് കണ്ടതായി ദക്ഷിണ കൊറിയയുടെ ജെ.സി.എസ് പറഞ്ഞു. യോൻഹാപ്പ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച് ഏകദേശം 132 ദശലക്ഷം ഡോളറിനടുത്ത് നികുതിദായകരുടെ പണം ദക്ഷിണ കൊറിയ ഇന്‍റർ-കൊറിയൻ റോഡ് പുനഃർനിർമിക്കാൻ ചെലവഴിച്ചിട്ടുണ്ടെന്നാണ്.

1950-53 കാലഘട്ടത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം സമാധാന ഉടമ്പടിയിലല്ല, യുദ്ധവിരാമത്തിലാണ് അവസാനിച്ചത്. അതിനുശേഷവും രണ്ട് കൊറിയകളും സാങ്കേതികമായി യുദ്ധത്തിലാണ്.

അടുത്തിടെ രാജ്യ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിലൂടെ തങ്ങളുടെ എതിരാളി ഡ്രോണുകൾ അയച്ചതായി ഉത്തര കൊറിയ ആരോപിച്ചതിനെത്തുടർന്ന് കൊറിയകൾക്കിടയിൽ വാക്‌പോര് രൂക്ഷമായിരുന്നു. രാജ്യവിരുദ്ധ ഉള്ളടക്കമുള്ള വളരെ എണ്ണം ലഘുലേഖകൾ ഡ്രോണുകളിലൂടെ കൊണ്ടിട്ടതായി ഉത്തര കൊറിയ വെള്ളിയാഴ്ച ആരോപിക്കുകയുണ്ടായി. സായുധ സംഘർഷത്തിലേക്ക് നയിച്ചേക്കാവുന്ന രാഷ്ട്രീയവും സൈനികവുമായ പ്രകോപനം എന്നാണിതിനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ സൈന്യമാണോ സിവിലിയൻമാരാണോ ഡ്രോണുകൾ പറത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ദക്ഷിണ കൊറിയൻ ജെ.സി.എസി​ന്‍റെ വക്താവ് വിസമ്മതിച്ചു.

‘പരമാധികാരം ലംഘിച്ച ശത്രുവി​ന്‍റെ ഗുരുതരമായ പ്രകോപനത്തിനെതിരെ’ എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - North Korea blows up parts of inter-Korean road on its side of border, Seoul says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.